‘മറിയം ഒന്ന് അങ്ങനെ നിന്നാൽ മതി അതുതന്നൊരു പെരുന്നാളാണ്’; പൊറിഞ്ചുമറിയംജോസ്’ ലെ കിടിലന്‍ പാട്ടെത്തി: വീഡിയോ

September 19, 2019

അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു ഗാനം. പെരുന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ജോയ് പോളിന്റേതാണ് വരികള്‍. ജേക്‌സ് ബിജോയ്, കേശവ് വിനോദ്, ജിതിന്‍, മെറിന്‍ ഗ്രിഗറി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തൃശൂരിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുന്നാളിന്റെയുമൊക്കെ പശ്ചാലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെറിയവനും വലിയവനും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന്ന ചിത്രം പറയാതെ പറഞ്ഞിരിക്കുന്നതും സമൂഹത്തില്‍ നിലനിന്നിരുന്ന അല്ലെങ്കില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആ ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ പൊളിറ്റിക്‌സ് തന്നെയാണ്.

Read also: ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കല്യാണം; വൈറലായി സാഹസിക ചിത്രങ്ങൾ

പൊറിഞ്ചു ജോയി, ആലപ്പാട്ട് മറിയം, പുത്തൻപള്ളി ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ ഹൈസ്‌കൂള്‍ കാലഘട്ടത്തിലൂടെ ആരംഭിക്കുന്ന കഥ പറഞ്ഞുതുടങ്ങുന്നതും, കാശിന്റെ ബലത്തില്‍ മനുഷ്യനില്‍ ഉണ്ടായ വലിപ്പ ചെറുപ്പത്തെക്കുറിച്ച് തന്നെയാണ്. സാമ്പത്തീക ഭദ്രതയില്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന പൊറിഞ്ചുവിന്, പ്രമാണിയായ ആലപ്പാട്ട് വര്‍ഗീസിന്റെ മകള്‍ മറിയത്തോട് തോന്നുന്ന പ്രണയം, കൂട്ടുകാരന്റെ പ്രണയത്തിന് കട്ട സപ്പോര്‍ട്ടായി ഉറ്റ ചങ്ങാതിയുമുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഇരുവര്‍ക്കുമുള്ള വലിപ്പ ചെറുപ്പം മൂലം ഒരിക്കലും ഒന്നുചേരാന്‍ കഴിയാത്ത പ്രണയ ജോഡികളായി മാറുന്ന പൊറിഞ്ചുവും മറിയവും. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും നിമിഷങ്ങളിലൂടെയും ഒരു പള്ളിപെരുന്നാളിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് ചിത്രത്തിന്റെ സഞ്ചാരം.