‘പൂമുത്തോളെ’ പാടി മലയാളി മനം കവർന്ന് ഇതര സംസ്ഥാന തൊഴിലാളി; കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചു.

ഇപ്പോഴിതാ മലയാളം പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് കുശാൽ എന്ന ഇതര സംസ്ഥാന തൊഴിലാളി. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പൂമുത്തോളെ… എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് കുശാൽ ആലപിച്ചിരിക്കുന്നത്. ഭാവാര്‍ദ്രമായ കുശാലിന്റെ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘പൂമുത്തോളെ…’. ദാമ്പത്യ സ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഈ ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയതും.

2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.