മനോഹരം ‘പ്രണയമീനുകളുടെ കടലി’ലെ ഈ ഗാനം: വീഡിയോ

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തെ. കമല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഗാനം. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ആവോളം ആവാഹിച്ചിട്ടുണ്ട് ഈ ഗാനരംഗത്തില്‍. ദൃശ്യഭംഗിയിലും ഗാനം ഏറെ മികവു പുലര്‍ത്തുന്നു.

വിനായകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്.

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആമി’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. തെലുങ്ക് താരം റിധി കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന. റഫീഖ് അഹമ്മദും ബികെ ഹരിനാരായണനും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.