2100 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും ‘ഐഫോണ്‍’; രസകരമായ ആ വിശേഷണത്തിനു പിന്നില്‍: വീഡിയോ

October 3, 2019

2007-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 2100 വര്‍ഷങ്ങള്‍ പഴക്കമുള്ള ശവകുടീരത്തിലോ… കേള്‍ക്കുമ്പോള്‍ തന്നെ ഒരലപ്ം അവിശ്വസനീയത തോന്നിയേക്കാം. എന്നാല്‍ അല്പം കൗതുകകരമാണ് ഈ സംഭവ കഥ.

ഇനി സംഭവത്തെക്കുറിച്ച് പറയാം. അടുത്തിടെ ഒരു ശവകുടീരത്തില്‍ പരിശോധന നടത്തിയ ഗവേഷകര്‍ക്ക് അസ്ഥികൂടത്തിനൊടൊപ്പം കറുത്ത നിറത്തില്‍ ഒരു ഫലകം കിട്ടി. ഈ ഫലകത്തെ ഗവേഷകര്‍ വിശേഷിപ്പിച്ചതാണ് ‘ഐഫോണ്‍’ എന്ന്. ഈ ഫലകം കണ്ടപ്പോള്‍ ഇന്നത്തെ കാലത്തെ ഐഫോണ്‍ ആണ് ഗവേഷകര്‍ക്ക് ആദ്യം ഓര്‍മ്മ വന്നത്. അതുകൊണ്ടുതന്നെയാണ് ഫലകത്തെ ‘ഐഫോണ്‍’ എന്ന് ഗവേഷകര്‍ വിശേഷിപ്പിച്ചതും.

എന്തായാലും ഈ വിശേഷണം സാമൂഹ്യമാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടി. ‘ഐഫോണ്‍’ എന്ന വിശേഷണം തന്നെയാണ് ഈ ഫലകത്തിന് വാര്‍ത്തകളില്‍ ഇടംനേടിക്കൊടുത്തതും. ഏഴിഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയുമുള്ളതാണ് ഈ കറുത്ത ഫലകം. പല വര്‍ണ്ണത്തിലുള്ള മുത്തുകളും പതിപ്പിച്ചിട്ടുണ്ട് ഈ ഫലകത്തില്‍. അതേസമയം ഈ കറുത്ത ഫലകം ഒരു ബല്‍റ്റിന്റെ ബക്ക്ളാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

Read more:വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കവെ പെട്ടെന്ന് പാലം തകര്‍ന്നു വീണു, അതും ബോട്ടിന് മുകളിലേയ്ക്ക്: അത്യപൂര്‍വ്വമായ അപകടദൃശ്യം

സൈബീരിയന്‍ മേഖലയിലെ ടുവ എന്നറിയപ്പെടുന്ന സ്ഥലത്തുനിന്നുമാണ് ശവകുടീരത്തിലെ അസ്ഥികൂടത്തിനൊപ്പം ഈ കറുത്ത ഫലകം കണ്ടെത്തിയത്. റഷ്യന്‍ അറ്റ്‌ലാന്‍റിസ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു അണക്കെട്ടിന്റെ നിര്‍മ്മാണത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് 56 അടി ഉയരത്തില്‍ വെള്ളം കയറി. അതുകൊണ്ടുതന്നെ മെയ്, ജൂണ്‍ മാസങ്ങളിലൊഴികെ മറ്റ് സമയങ്ങളിലെല്ലാം ഈ പ്രദേശം വെള്ളത്തിനടിയിലായിരിക്കും. സാധാരണ വെള്ളമിറങ്ങുന്ന അവസരങ്ങളില്‍ ഗവേഷകര്‍ ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താറുണ്ട്. ഇത്തരത്തില്‍ ഒരു ശവകുടീരത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടത്തോടൊപ്പം ‘ഐഫോണ്‍’ എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്ന ഈ ഫലകവും കണ്ടെടുത്തത്. വെങ്കലയുഗത്തിലേതാണ് ഈ ശവകുടീരങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്.