ഫുട്‌ബോളിന്‍റെ ആവേശത്തിനൊപ്പം ആക്ഷനും സസ്‌പെന്‍സും; ‘ബിഗില്‍’ ട്രെയ്‌ലര്‍

October 13, 2019

ആക്ഷനും സസ്‌പെന്‍സും പ്രണയവും പിന്നെ കാല്‍പന്തുകളിയുടെ ആവേശവും. ഇതെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ബിഗില്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തമിഴകത്തും മലയാളക്കരയിലും ഏറെ ആരാധകരുള്ള വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ബിഗില്‍. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി – വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

Read more:ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ

സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നുണ്ട്. ചിത്രത്തിലെ വിജയ് യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ കോച്ചിന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ലുക്കിലുള്ളത് വിജയ് യുടെ രണ്ടാമത്തെ കഥാപാത്രം. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം ബിഗില്‍ എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും. ദിപാവലിയോട് അനുബന്ധിച്ച് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴകത്ത് മാത്രമല്ല കേരളക്കരയിലും വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിയ്ക്കാറുള്ളതും.