പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചാല്‍…! വൈറലായി പൈലറ്റ് പകര്‍ത്തിയ വീഡിയോ

October 30, 2019

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കാറുണ്ട്. പക്ഷി ഇടിച്ചാല്‍ വിമാനം അപകടത്തില്‍ പെടുമോ എന്നത് പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്. പക്ഷി ഇടിച്ചുണ്ടായ ചില വിമാന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിക്കുന്ന ഒരു വീഡിയോ.

ബോയിങ് 737 വിമാനത്തിന്റെ കോക്പിറ്റിലിരുന്ന പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെ: വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു പൈലറ്റുമാരില്‍ ഒരാള്‍. ഇതിനിടെയില്‍ വിമാനത്തിലേക്ക് അതിശക്തമായി പക്ഷി വന്നിടിക്കുകയായിരുന്നു. അതിവേഗത്തില്‍ പക്ഷി വന്നിടിച്ചപ്പോള്‍ പൈലറ്റിന്റെ കൈയില്‍ നിന്നും ഫോണ്‍ താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

അതേസമയം സാധാരണഗതിയില്‍ വിമാനം പറന്ന് ഇറങ്ങുമ്പോഴോ പറന്നുയരുമ്പോഴോ ആണ് വിമാനത്തില്‍ പക്ഷികള്‍ ഇടിക്കാറ്. ഈ രണ്ട് സമയങ്ങളിലും കാര്യമായ ദിശാമാറ്റങ്ങള്‍ വിമാനം വരുത്താറില്ല. അതുകൊണ്ടാണ് നിര്‍ദ്ദിഷ്ട പാതയില്‍ പക്ഷികളുണ്ടെങ്കില്‍ ഇടിക്കുന്നത്. പരമാവധി 150 മീറ്ററില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നാണ് പക്ഷി ഇടിച്ചുണ്ടായ വിമാനാപകടങ്ങളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Read more:‘ആ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്തുവച്ച് സമൂഹത്തോട് അവൾ വിളിച്ചുപറഞ്ഞു ഞങ്ങൾക്ക് നീതി വേണം’; ഹൃദയംതൊട്ട് സന്തോഷ് കീഴാറ്റൂരിന്റെ നാടകം, വീഡിയോ

എന്നാല്‍ പക്ഷികളുടെ ഇടിയെ അതിജീവിക്കാന്‍ തക്കവണ്ണം കരുത്തുണ്ട് വിമാനത്തിനും അവയുടെ എഞ്ചിനും. മൂന്നര കിലോയില്‍ കുറഞ്ഞ ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തെ അല്പംപോലും ബാധിക്കുകയില്ല. ഇരട്ട എഞ്ചിനില്‍ ഒന്നിന്റെ പ്രവര്‍ത്തനത്തിന് തടസം സംഭവിച്ചാലും വിമാനത്തിന് സഞ്ചരിക്കാനാവും. എഞ്ചിനു പുറമെ കോക്പിറ്റിന്റെ ജനലിലും പക്ഷികള്‍ ഇടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്നു പാളികളായാണ് കോക്പിറ്റിന്റെ ജനാലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കോക്പിറ്റിന്റെ ജനാലയ്ക്കും പക്ഷികളുടെ ഇടി പ്രശ്‌നമാകാറില്ല. പക്ഷി ഇടിച്ചുണ്ടായ അപകടങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.