തിയറ്ററുകളില്‍ കൈയടി നേടിയ കുമ്പളങ്ങി നൈറ്റ്‌സിന്റെ ശബ്ദരേഖ ഇതാ..!

നവ മാധ്യമങ്ങള്‍ അത്ര സജീവമല്ലാതിരുന്ന കാലം ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും. അന്നൊക്കെ റേഡിയോയിലൂടെ ചലച്ചിത്ര ശബ്ദരേഖകള്‍ ആവോളം ആസ്വദിച്ചിട്ടുണ്ട് പലരും. റോഡിയോയിലൂടെ മുഴങ്ങുന്ന ചലച്ചിത്ര ശബ്ദരേഖയ്ക്ക് അനുസരിച്ച് ഭാവനകൊണ്ട് മനസ്സില്‍ കഥ മെനഞ്ഞെടുക്കും. ഇപ്പോഴിതാ ആ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് പ്രേക്ഷകരെ നയിക്കുകയാണ് ഭാവന സ്റ്റിഡിയോ. തിയറ്ററുകളില്‍ കൈയടി നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ശബ്ദരേഖയാണ് ഭാവന സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകനെ പഴയകാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് വഴി നടത്തുകയാണ് ഈ ശബ്ദരേഖ.

വന്‍വരവേല്‍പാണ് ചിത്രത്തിന്റെ ശബ്ദരേഖയ്ക്ക് ലഭിയ്ക്കുന്നതും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവു പുലര്‍ത്തി. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ‘എന്റെ നല്ല പാതി’; ജയാ ബച്ചന്റെ അപൂര്‍വ്വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍

മധു സി നാരായണ്‍ ആണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.