കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

November 11, 2019

ഒരു ചിത്രം മതി ഒരായിരം കഥപറയാന്‍. ചില ചിത്രങ്ങള്‍ അങ്ങനെയാണ്, ഒരുപാട് സംസാരിക്കാനുണ്ടാവും ആ ചിത്രങ്ങള്‍ക്ക്. തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈയിലൊരു പാത്രവുമായി ഒന്നാം ക്ലാസിലേക്കെത്തിനോക്കുന്ന മോത്തി ദിവ്യയുടെ ചിത്രമാണ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നത്.

ഹൈദരബാദിലെ ദേവര്‍ ജാം സ്‌കൂളില്‍ ഡെങ്കിപ്പനിയെക്കുറിച്ചുള്ള സ്‌റ്റോറിക്ക് വേണ്ടുന്ന ചിത്രങ്ങളെടുക്കാന്‍ എത്തിയതാണ് ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസ്. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ ആ അഞ്ച് വയസ്സുകാരിയെ അദ്ദേഹം ശ്രദ്ധിച്ചു. കൈയിലൊരു പാത്രവുംപിടിച്ചുകൊണ്ട്, യൂണിഫോമിട്ട് ഒന്നാംക്ലാസിലിരിക്കുന്ന കുട്ടികളെ എത്തിനോക്കുന്ന പെണ്‍കുട്ടി. മോത്തി ദിവ്യ. ആ നില്‍പ്പ് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ശ്രീനിവാസ് മോത്തി ദിവ്യയുടെ സമീപത്തെത്തി. അവളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.കണ്ണു നിറയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു കുഞ്ഞു മോത്തിക്ക്. എല്ലാ ദിവസവും ഉച്ചസമയമാകുമ്പോള്‍ കൈയിലൊരു അലുമിനിയം പാത്രവുമായി മോത്തി സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെത്തും. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിയശേഷം ബാക്കിയാവുന്ന ഭക്ഷണം പാത്രത്തില്‍ വാങ്ങിക്കഴിക്കും. ശുചീകരണത്തൊഴിലാളികളാണ് മോത്തിയുടെ മാതാപിതാക്കള്‍.

Read more:പ്രായം ഒരു വയസ്സ്; ദേ ഇതാണ് മോഹന്‍ലാലിന്റെ കട്ടഫാന്‍; രസകരം ഈ ‘ലാലേട്ടാ…’ വിളി

‘വിശപ്പിന്റെ നോട്ടം’ എന്ന അടിക്കുറിപ്പോടെ ആവുല ശ്രീനിവാസ് പങ്കുവെച്ച മോത്തി ദിവ്യയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഒരു എന്‍ജിഒ കുഞ്ഞുമോത്തിയുടെ പഠനം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവന്നു. യൂണിഫോമിട്ട് ഇനി കുഞ്ഞുമോത്തിക്കും ഒന്നാംക്ലാസിലിരിക്കാം. പഠിക്കാം. വിശന്ന് ഇരിക്കേണ്ടി വരില്ല ഇനി ഈ കുരുന്നിന്…