കണ്ണുകളിലെ കറുത്ത പാട്; കാരണവും പ്രതിവിധികളും

November 14, 2019

മനോഹരമായ കണ്ണുകളാണ് സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് പറയാറുണ്ട്. എന്നാൽ കണ്ണുകളിൽ ഉണ്ടാകുന്ന അസുഖങ്ങൾ പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. പ്രത്യകിച്ച് കൺതടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിന് പിന്നിൽ. അതുപോലെ തന്നെ ഉറക്കമില്ലായ്‌മ, മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കണ്ഠ എന്നിവയും ഇതിന് കാരണമാകാറുണ്ട്.

ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യസമയത്ത് ഉറങ്ങുക എന്നതുതന്നെയാണ്. കണ്ണിന് ആവശ്യമായ റെസ്റ്റ് നൽകുന്നതോടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയുകയും പതിയെ അത് ഇല്ലാതാകുകയും ചെയ്യും.

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ചില പൊടിക്കൈകൾ ഉപയോഗിച്ചും കണ്ണിന് ചുറ്റുമുള്ള പാടുകൾ മാറ്റാൻ സാധിക്കും.

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക മുറിച്ചോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

Read also: ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്തും ആലിംഗനം ചെയ്‌തും ലാലേട്ടൻ; സ്നേഹ വീഡിയോ

തക്കാളി നീരും, നാരങ്ങ നീരും മിശ്രിതമാക്കി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. ഇത് കണ്ണിന് ചുറ്റുമുള്ള ബ്ലാക്ക് സർക്കിൾസ് കളയാൻ അത്യുത്തമമാണ്. കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നവയാണ് ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ. ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിലോ ഒലീവ് ഓയിലോ കണ്‍തടങ്ങളില്‍ തേച്ച്‌ മസാജ് ചെയ്യുക. പിന്നീട് അത് കഴുകി കളയുക.