‘പുതുമഴയായ് വന്നു നീ’; പുതുമ നിറച്ച് ആ പഴയ ഗാനം, വീഡിയോ

November 10, 2019

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഗാനങ്ങളിൽ ഒന്നാണ് ആകാശഗംഗ എന്ന ചിത്രത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനം. മലയാളി സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ ആകാശഗംഗ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. പ്രേക്ഷക സ്വീകാര്യത നേടിയ പുതുമഴയായ് എന്ന പഴയ ഗാനത്തിന്റെ പുതിയ വേർഷനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഷന്‍ ഗ്രാഫിക്‌സിലൂടെ ടൈറ്റില്‍ സോങ് ആയാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് ചിത്ര ആണ് ആലാപനം.

ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2.

മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 എന്ന ഹൊറര്‍ ചിത്രം എത്തിയത്. കലാഭവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ആകാശഗംഗ 2. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അഭിലാഷ് ആണ് ചിത്രസംയോജനം. ആകാശഗംഗ തിയേറ്ററുകളിലെത്തി ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലായിരുന്നു ആകാശഗംഗ 2വിന്റെയും ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.