പ്രണയാര്‍ദ്രമായി മാധവനും അനുഷ്‌കയും; ഗാനത്തിന് വരവേല്‍പ്

December 17, 2019

പാട്ടുകളോട് എക്കാലത്തും ഒരല്പം ഇഷ്ടം കൂടുതലുണ്ട് പലര്‍ക്കും. അതുകൊണ്ടാണല്ലോ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും നൊമ്പരത്തിലുമെല്ലാം പലരും പാട്ടുകളെ കൂട്ടുപിടിക്കുന്നതും. പാട്ടുകളുടെ കൂട്ടത്തില്‍ പ്രണയഗാനങ്ങള്‍ക്കാണ് ആരധകര്‍ അധികവും. കാലന്തരങ്ങള്‍ക്കുമപ്പുറം പ്രണയഗാനങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു.

പാട്ട് പ്രേമികള്‍ക്കായി മനോഹരമായ ഒരു ഗാനം ഒരുങ്ങുന്നുണ്ട്. ‘നിശബ്ദം’ എന്ന ചിത്രത്തിലെ ഈ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന്റെ ടീസറിന് ലഭിക്കുന്നതും. മാധവനും അനുഷ്‌കയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘നിശബ്ദം’. ഹേമന്ദ് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ‘നീയേ… നീയേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഗാനത്തിന്റെ മലയാളം, തെലങ്ക് പതിപ്പുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ ബി കെ ഹരിനാരായണനാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു എന്ന സൂചന നല്‍കുന്നുണ്ട് ഗാനത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍.

Read more: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്

അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്‌സെന്‍, സുബ്ബരാജു, അവസരള, ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ‘നിശബ്ദം’ എന്ന ചിത്രത്തില്‍. ഷാനില്‍ ഡിയോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ‘നിശബ്ദം’ തിയേറ്ററുകളിലെത്തും. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രത്തിന്റെ നിര്‍മാണം.