സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും പുലിയാണ് റോഷന്‍ ആന്‍ഡ്രൂസ്; ‘പ്രതി പൂവന്‍കോഴി’ പ്രൊമോ വീഡിയോ

December 30, 2019

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതും. മഞ്ജു വാര്യരുടേതുപോലെതന്നെ ചിത്രത്തില്‍ കൈയടി നേടുന്ന മറ്റൊന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിനയം. ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിക്കുന്നത്. ആന്റപ്പന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിനയ മികവ് വ്യക്തമാക്കുന്ന ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more: കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം; പ്രേക്ഷകമനം തൊട്ട് ലച്ചുവിന്റെ കല്യാണ വീഡിയോ

‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളിലും ആകാംക്ഷ നിഴലിക്കുന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ഇത്. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കോണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരു നേര്‍ സാക്ഷ്യംകൂടിയാണ് ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രം. ഒരു ടെക്‌സ്‌റ്റൈയില്‍സില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.