ട്രക്ക് ഇടിക്കുന്നതിന് മുമ്പേ പൊട്ടിത്തെറിച്ച് കാറുകള്‍; ‘സഹോ’ സിനിമയിലെ 146 അബദ്ധങ്ങള്‍: വീഡിയോ

January 29, 2020

സാങ്കേതികവിദ്യ സിനിമയെയും കാര്യമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു. കാഴ്ചക്കാരന്റെ ഭാവനകളുടെയും സങ്കല്‍പങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുക്കുന്നതും ചില സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെയാണ്. എന്നാല്‍ എത്ര പരിപൂര്‍ണ്ണത വരുത്താന്‍ ശ്രമിച്ചാലും ചെറിയ ചില പോരായ്മകള്‍ പല സിനിമകളിലും ഉണ്ടാകും. ഒറ്റനോട്ടത്തില്‍ കാഴ്ചക്കാരന് തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ ചിലര്‍ ഇത്തരം അബദ്ധങ്ങളെ കണ്ടെത്തുന്നതില്‍ മിടുക്കന്‍മാരാണ്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പ്രഭാസ് നായകനായെത്തിയ ‘സഹോ’ എന്ന ചിത്രത്തിലെ ചില അബദ്ധങ്ങള്‍. തിയേറ്ററുകളിലെത്തി മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഈ അബദ്ധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി പ്രേക്ഷകനാണ് ചിത്രത്തിലെ 146 അബദ്ധങ്ങള്‍ കൃത്യമായ വിവരണത്തോടെ പങ്കുവെച്ചിരിക്കുന്നത്. വിഎഫ്എക്‌സിന്റെ സഹായത്തോടെയുള്ള പ്രഭാസിന്റെ സിക്‌സ് പായ്ക്കും ട്രക്ക് ഇടിക്കുന്നതിന് മുമ്പ് പൊട്ടിത്തെറിക്കുന്ന കാറുകളുമൊക്കെ ഈ വീഡിയോയില്‍ കാണാം.

2019 ഓഗസ്റ്റിലാണ് ‘സഹോ’ തിയേറ്ററുകളിലെത്തിയത്. ശ്രദ്ധ കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായിക. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. സുജിത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയതും. 300 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.