ആകാംക്ഷ നിറച്ച് ‘ജിബൂട്ടി’ പോസ്റ്റർ എത്തി

January 18, 2020

ഉപ്പും മുളകും സംവിധായകൻ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം ‘ജിബൂട്ടി’യുടെ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിന്റെ പൂജ ചടങ്ങിന് പിന്നാലെയാണ് പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി ആയതിനാൽ നാല് ആഫ്രിക്കൻ മന്ത്രിമാരാണ് സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുത്തത്.

നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലും ആഫ്രിക്കയിലെ ജിബൂട്ടിയിലുമായിട്ടാണ് ചിത്രീകരണം.

Read More:സ്വപ്‌ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച് എസ് ജെ സിനു; ‘ജിബൂട്ടി’ ഒരുങ്ങുന്നു

ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന പൂജ ചടങ്ങിൽ ഒട്ടേറെ സിനിമ സീരിയൽ പ്രവർത്തകരാണ് പങ്കെടുത്തത്. ഒരുപാട് കാലമായുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് തുടക്കമാകുകയാണെന്നും ഒരുപാട് പേരുടെ അനുഗ്രഹത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു എന്നും സംവിധായകന്‍ എസ് ജെ സിനു പറഞ്ഞു. ആഗ്രഹങ്ങള്‍ക്ക് പുന്തുണ നല്‍കിയ മാതാപിതാക്കളെക്കുറിച്ചും പ്രോത്സാഹനം നല്‍കിയ സഹോദരങ്ങളെക്കുറിച്ചും സംവിധായകന്‍ പൂജ ചടങ്ങിൽ സംസാരിച്ചു. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.