‘തവളച്ചാട്ടം ചാടാനാണെങ്കിൽ ഇവിടെ ചാടിയാൽ പോരെ മനുഷ്യാ, അങ്ങു ആഫ്രിക്കയിൽ പോയി ചാടണോ’- ദിലീഷ് പോത്തന്റെ ചിത്രത്തിന് കമന്റുമായി മിഥുൻ മാനുവൽ

April 21, 2020

എസ് ജെ സിജു ഒരുക്കുന്ന ‘ജിബൂട്ടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് ദിലീഷ് പോത്തൻ. കൊവിഡ് ബാധിക്കാത്തതിനാൽ ‘ജിബൂട്ടി’യുടെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. എങ്കിലും നാട്ടിലേക്ക് എത്താൻ ലോക്ക് ഡൗൺ കഴിയും വരെ കാത്തിരിക്കണം.

ഇപ്പോൾ ആഫ്രിക്കയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയാണ് ദിലീഷ് പോത്തൻ. ആഫ്രിക്കൻ വംശജരായ കുട്ടികൾക്കൊപ്പം കടലിൽ കുളിക്കുന്ന വീഡിയോ ആണ് ദിലീഷ് പോത്തൻ പങ്കുവെച്ചിരിക്കുന്നത്.

ഇതിനു കമന്റുമായി സംവിധായകൻ മിഥുൻ മാനുവലും എത്തി. ‘താവളച്ചാട്ടം ചാടാനാണേൽ ഇബടെ ചാടിയാ പോരേ മനുഷ്യാ.. അങ്ങ് ആഫ്രിക്കേൽ പോയി ചാടണോ..!’ എന്നാണ് മിഥുൻ കുറിച്ചിരിക്കുന്നത്.

മിഥുൻ മനുവലിന്റെ കമന്റിന് ആരാധകരാണ് രസകരമായ മറുപടികൾ നൽകിയത്. അടുത്തിടെ ഇറങ്ങിയ മിഥുന്റെ ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ ഡയലോഗ് സ്റ്റൈലിലാണ് മറുപടി. എന്റെ കഥ, എന്റെ ചാട്ടം, എന്റെ സ്വകാര്യതയാണ് എന്നാണ് ഒരാൾ മറുപടി നൽകിയത്.