‘അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’, തീവ്ര നോട്ടവുമായി ലാല്‍; ശ്രദ്ധ നേടി ‘സൈലന്‍സര്‍’ ട്രെയ്‌ലര്‍

January 19, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രതയേറിയ ലാലിന്റെ നോട്ടമാണ് ട്രെയ്‌ലറിലെ പ്രധാന ആകര്‍ഷണം. ‘നേരില്‍ കാണുമ്പോള്‍ അയാളൊരു നോട്ടം നോക്കും. നമ്മുടെ കണ്ണ് കുഴിഞ്ഞ് ഉള്ളിലേക്ക് പോകും. അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ട്രെയ്‌ലറിലെ ഈ ഡയലോഗ്.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ പ്രിയനന്ദനന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘സൈലന്‍സര്‍’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അശ്വഘോഷ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പി എന്‍ ഗോപീകൃഷ്ണന്‍റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാര്യര്‍, സ്‌നേഹ ദിവാകരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഈനാശു എന്നാണ് ‘സൈലന്‍സര്‍’ എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേ പേര്.

Read more: കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന ചെറുകഥയെ ആധാരമാക്കിയാണ് അതേപേരില്‍ പ്രിയനന്ദനന്‍ സിനിമ സംവിധാനം ചെയ്യുന്നത്. പഴയതലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളിലെ വൈവിധ്യങ്ങളും പൊരുത്തക്കേടുകളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യജീവിതത്തിലെ ചില സംഘര്‍ഷങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു.