കുട്ടികളിൽ വളർത്താം നല്ല ഭക്ഷണരീതി

January 21, 2020

ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് കുട്ടിക്കാലം. രോഗങ്ങൾ വേഗത്തിൽ പിടിപെടും എന്നതുമാത്രമല്ല, ബുദ്ധിവളർച്ചയുടെയും കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ടുതന്നെ ഇക്കാലഘട്ടത്തിൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം ശരീരത്തിനൊപ്പം ബുദ്ധിയും ഈ സമയത്താണ് വികസിക്കുന്നത്. ഈ കാലഘട്ടത്തിൽ പോഷകാഹാരം നൽകുക എന്നതാണ് ഏറ്റവും പ്രധാനം. കഴിവതും ജങ്ക് ഫുഡ് ഒഴിവാക്കുക.

പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്.  കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും.

രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം.

മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായവയാണ് ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തില്‍ അന്നജം, പ്രോട്ടീന്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ നിര്‍ബന്ധമായും അടങ്ങിയിരിക്കണം. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ,  ബദാം തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്കണം. ഭക്ഷണം  കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. ഇനിമുതൽ കുട്ടികളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കാൻ മറക്കണ്ട.