ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

January 20, 2020

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി കലാകാരന്മാര്‍ കോമഡി ഉത്സവ വേദിയിലെത്തുന്നു. മനോഹരമായ ദൃശ്യവിരുന്നാണ് ഓരോ ദിവസവും ഈ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒപ്പം ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നു ഫ്ളവേഴ്‌സ് കോമഡി ഉത്സവം.

ദൈവത്തെയും സംഗീതത്തെയും ഹൃദയത്തില്‍ ഒരുപോലെ പ്രതിഷ്ഠിച്ച വ്യക്തിയാണ് ഫാദര്‍ സാനില്‍ ജോസ്. ഹൈമന്‍സ് അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് സൗണ്ട് എഞ്ചിനിയറിംഗിന്റെ ഫൗണ്ടിങ് ഡയറക്ടറായ ഫാദര്‍ സാനില്‍ പാലക്കാടുള്ള സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണിപ്പോള്‍.

ആര്‍ദ്രമായ ആലാപനത്തിനു പുറമെ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും മികവു തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ് ഫാദര്‍ സാനില്‍. കര്‍ണാടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവുമൊക്കെ പരിശീലിച്ചിട്ടുണ്ട് ഈ പുരോഹിതന്‍. ഒപ്പം നിരവധി സംഗീത പരിപാടികള്‍ ആവിഷ്‌കരിക്കുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം സംഗീതത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു.

Read more: കാലുകള്‍ തളര്‍ന്നിട്ടും ക്രിക്കറ്റിനെ സ്‌നേഹിച്ചു; റണ്‍സിനായി ഇഴഞ്ഞു നീങ്ങിയ കൊച്ചുമിടുക്കനെ തേടി ഒടുവില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സര്‍പ്രൈസ്

സംഗീതത്തോടൊപ്പം അഭിനയത്തെയും ചേര്‍ത്തു പിടിക്കുന്ന ഫാദര്‍ സാനില്‍ മികച്ച ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ കൂടിയാണ്. കലാസംഘാടനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് പുരോഹിതനായ ഈ കലാപ്രതിഭ. ഫ്ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലെത്തിയ ഫാദര്‍ സാനില്‍ മനോഹരമായ ഒരു സംഗീത വിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. ഭക്തി ഗാനത്തിന് പുറമെ സിനിമാ ഗാനവും ആലപിച്ചുകൊണ്ട് ഈ വൈദികന്‍ ചിരിയുത്സവ വേദിയില്‍ നിറഞ്ഞ കൈയടികള്‍ നേടി.