നഷ്‌ടപ്രണയത്തിന്റെ മനോഹരമായ ഓർമ്മകളുമായി ജാനു; ശ്രദ്ധനേടി ട്രെയ്‌ലർ

January 30, 2020

നഷ്‌ടപ്രണയത്തിന്റെ മനോഹരമായ ഓർമ്മകളുമായെത്തി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ ചിത്രമാണ് 96. റാമും ജാനുവും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി ’96’ മറ്റൊരു ഫീൽ ഗുഡ് ചിത്രമായി ഹൃദയത്തിൽ ചേക്കേറി. ജാനുവായി തൃഷയും റാമായി വിജയ് സേതുപതിയുമാണ് അഭിനയിച്ചത്.

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ് ഓഫീസിലും ചിത്രം വിജയം നേടി. ’96’- ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവതരിപ്പിച്ച ഗൗരി കിഷനും വെള്ളിത്തിരയില്‍ കൈയടി നേടിയിരുന്നു.

’96’ തെലുങ്ക് റിമേക്കിനും പ്രേക്ഷക ശ്രദ്ധ വാനോളം ലഭിക്കുന്നുണ്ട്. ജാനു എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര്. തെലുങ്ക് റിമേക്കിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ തെലുങ്കില്‍ സമാന്തയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ഷര്‍വ്വാനന്ദും അവതരിപ്പിക്കുന്നു. അതേസമയം തമിഴില്‍ ’96’ സംവിധാനം ചെയ്ത പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also: “പ്രിയപ്പെട്ട ബ്രഹ്മദത്തന്‍ തിരുമേനിക്ക്, ഞാന്‍ നകുലന്‍ തിരുമേനിയുടെ പഴയൊരു ക്ലയന്റ് ആണ്”; സമൂഹമാധ്യമങ്ങളില്‍ ചിരി നിറച്ച് ഒരു രസികന്‍ കത്ത്‌

’96’ എന്ന ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി ജി കിഷന്‍ ആണ് ‘ജാനു’ എന്ന ചിത്രത്തില്‍ സമാന്തയുടെ ചെറുപ്പകാലവും അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

96 കന്നഡയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. ’99’ എന്നായിരുന്നു കന്നഡ റീമേക്കിന്റെ പേര്. മലയാളികളുടെ പ്രിയതാരം ഭാവനയാണ് ’99’ എന്ന ചിത്രത്തില്‍ നായികയായെത്തിയത്. ഗണേഷായിരുന്നു നായകകഥാപാത്രം. ’99’ എന്ന ചിത്രവും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടയിരുന്നു.