‘ഇന്‍ ഇന്ത്യ ലവ്, ഗേള്‍ഫ്രണ്ട് വെരി എക്‌സ്‌പെന്‍സീവ്’; ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ടീസര്‍

February 14, 2020

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്…’ മലയോളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരായിരിക്കുകയാണ്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രണയദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്.

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുക. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

Read more: ‘നെഞ്ചുക്കുള്‍ പെയ്തിടും…’; സുരേഷ് ഗോപിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്: വീഡിയോ

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു. ബി കെ ഹരിനാരായണനും വിനായക് ശശികുമാറും ആണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.