മെട്രോമാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ജയസൂര്യക്കൊപ്പം ‘രാമസേതു’വില്‍ മംമ്തയും

February 11, 2020

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാമസേതു’ എന്നാണ് ചിത്രത്തിന്റെ പേര്. മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രമായെത്തുന്നു.

ചിത്രത്തില്‍ ജയസൂര്യയാണ് ഇ ശ്രീധരനായെത്തുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു. ഈ വര്‍ഷം ഓഗസ്‌റ്റോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മാണം.

Read more: മുഖത്തിന്റെ പാതി കാന്‍സര്‍ കവര്‍ന്നിട്ടും തളര്‍ന്നില്ല, ഇത് ബില്ലിയുടെ ജീവിതം

നേരത്തെ കൊച്ചി മെട്രോയെ പശ്ചാത്തലമാക്കി ‘അറബിക്കടലിന്റെ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ പിന്നീട് ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇ ശ്രീധരനോടുള്ള ആദരം എന്ന നിലയ്ക്കാണ് ‘രാമസേതു’ എന്ന ചിത്രം ഒരുക്കുന്നത്.

1964-ലെ പാമ്പന്‍ പാലം പുനഃര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് ചിത്രത്തിന് പ്രമേയമാകുന്നത്. മുപ്പത് വയസുകാരനായ ഇ ശ്രീധരനായും എണ്‍പത് വയസ്സു പിന്നിട്ട ഇ ശ്രീധരനായും ജയസൂര്യ തന്നെയായിരിക്കും വേഷമിടുക എന്നാണ് സൂചന.

പാമ്പന്‍ പാലത്തിനും കൊച്ചി മെട്രോയ്ക്കും പുറമെ കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ എന്നിവയുടെയെല്ലാം നിര്‍മാണ കാലങ്ങള്‍ സിനിമയുടെ ഭാഗമാകും.