‘മരക്കാറായി മോഹൻലാൽ എത്തിയപ്പോൾ ജീസസിനെ പോലെയെന്ന് പറഞ്ഞവരുണ്ട്’- പ്രിയദർശൻ

February 25, 2020

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകർ ഒന്നടങ്കല്മ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. കുഞ്ഞാലി മരക്കാറായി മോഹൻലാലിനെ തിരഞ്ഞെടുത്തതിനെ പറ്റി പറയുകയാണ് പ്രിയദർശൻ.

മോഹൻലാലിൻറെ പ്രായവും ഈ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ ഘടകമായെന്ന് പ്രിയദർശൻ പറയുന്നു.’ഒരുപാട് പേര്‍ ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി കുഞ്ഞാലി മരക്കാര്‍ നാലാമന്‍ മരിക്കുന്നത് 53-ാം വയസ്സിലാണ്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍- ഏജ് പരിഗണിക്കുമ്പോള്‍ അത് മോഹന്‍ലാലിന് ഏറെ അനുയോജ്യമായ കഥാപാത്രമായി തോന്നി. കുഞ്ഞാലിമരക്കാറോ വേലുത്തമ്പി ദളവയോ പോലെയുള്ള നാടകബിംബങ്ങള്‍ക്ക് തേജോമയമായ ഒരു പരിവേഷമുണ്ട്. മോഹന്‍ലാല്‍ മരക്കാറുടെ വേഷപ്പകര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത് അദ്ദേഹത്തെ കാണാന്‍ ജീസസിനെപ്പോലെയുണ്ടെന്നാണ്. ഇത്തരമൊരു വേഷം ചെയ്യാനുള്ള മോഹന്‍ലാലിന്റെ ആവേശത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇത്തരമൊരു അവസരം ലഭിക്കുമ്പോള്‍ പല അഭിനേതാക്കളും ചിലപ്പോള്‍ സംശയിക്കും തനിക്ക് ഇത് സാധിക്കുമോ എന്ന്. പക്ഷേ മോഹന്‍ലാല്‍ ഒരിക്കലും സ്വയം അവിശ്വസിക്കില്ല’. പ്രിയദര്‍ശന്‍ പറയുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.