ഇത് കോഴിക്കോടൻ സ്നേഹം; റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഭക്ഷണം എത്തിച്ച് ഒരു പെൺകുട്ടി

March 30, 2020

ലോക്ക് ഡൗണിന്റ ഭാഗമായി രാജ്യത്തെ ജനങ്ങൾ മുഴുവൻ വീടുകളിൽ കഴിയുകയാണ്. ഈ സമയത്ത് രാജ്യസുരക്ഷയ്ക്കായി വെയിലും ചൂടുംകൊണ്ട് കർമനിരതരാകുകയാണ് നമ്മുടെ പൊലീസുകാർ. ഇതിനിടയിൽ പൊലീസുകാരുടെ വിശപ്പും ക്ഷീണവുമൊക്കെ ആരുകാണാൻ ആര് അറിയാൻ…എന്നാൽ ഇതൊക്കെ കാണുന്ന ചില നന്മ മനുഷ്യരുമുണ്ട് നമ്മുടെ കേരളത്തിൽ.

വെയിലത്ത് സേവനം നടത്തുന്ന പൊലീസുകാർക്ക് ഒരു പിടി സ്നേഹത്തിൽ പൊതിഞ്ഞ പലഹാരങ്ങളുമായി എത്തുകയാണ് സിദ എന്ന പെൺകുട്ടിയും അവളുടെ പിതാവും. ആതിഥ്യ മര്യാദയുടെ ഈറ്റില്ലമായ കോഴിക്കോടാണ് ഈ സംഭവം. വേങ്ങേരി ജംക്‌ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേസമയം സംസ്ഥാനത്ത് വെയിലും ചൂടും കൊണ്ട് ലോക്ക് ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലിസുകാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ഡിജിപി ലോക് നാഥ്‌ ബെഹ്‌റ അറിയിച്ചിരുന്നു.

പൊലീസുകാർക്ക് വിശ്രമം ലഭിക്കുന്നതിനായി ഷിഫ്റ്റ് ഏർപ്പെടുത്താനും, അടിയന്തിര ആവശ്യത്തിനായി ഒരു വിഭാഗം പൊലീസുകാരെ റിസർവ് ആയി നിർത്താനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

റോഡിൽ ഡ്യൂട്ടിക്ക് ഏർപ്പെടുന്ന പൊലിസുകാർക്ക് മാസ്കും സാനിറ്റൈസറും നൽകണം. കൃത്യമായി ഭക്ഷണവും വെള്ളവും ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളിൽ കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. വാഹനപരിശോധന നടത്തുമ്പോൾ ആളുകളിൽ നിന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.