ഓടിക്കളിക്കുന്നതിനിടെ വീണു, പിന്നെ സ്‌നേഹത്തലോടിനായ് അമ്മയ്ക്ക് അരികിലേക്ക് ഒരു ഓട്ടം: കുട്ടിയാനയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

April 13, 2020

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. ‘അമ്മയേക്കാള്‍ വലിയ പോരാളി ഇല്ലെന്ന്’ ടിക്ക് ടോക്കിലും ട്രോളുകളിലുമൊക്കെ പറയുന്നവര്‍ ഹൃദയത്തില്‍ കുറിച്ചിടുന്ന മറ്റൊന്നു കൂടിയുണ്ട്. അമ്മയേക്കാള്‍ നല്ലൊരു വേദന സംഹാരി ഇല്ലെന്ന്. കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ, കള്ളമില്ലാത്ത പിള്ള മനസ്സുകളെ. ഒന്നു വീണാല്‍ അമ്മേ എന്ന് വിളിച്ച് അമ്മയ്ക്ക് അരികിലേയ്ക്ക് ആയിരിക്കും പല കുരുന്നുകളും ഓടിയെത്തുക. ഇങ്ങനെയൊക്കെ പറയുമ്പോഴും മാതൃസ്‌നേഹത്തെ കാറ്റില്‍ പറത്തിയ പല സംഭവങ്ങളും ഇടയ്‌ക്കൊക്കെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും പറയാതിരിക്കാന്‍ ആവില്ല.

മനുഷ്യരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല മാതൃസ്‌നേഹം. അമ്മസ്‌നേഹത്തിന്റെ മനോഹമായ മാതൃകകള്‍ പലപ്പോഴും മൃഗങ്ങള്‍ക്കിടയിലും ദൃശ്യമാണ്. ഇത്തരത്തിലുള്ള ഒരു സ്‌നേഹ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു അമ്മ ആനയും കുട്ടിയാനയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

അമ്മ ആനയുടെ അരികില്‍ നിന്നും അല്‍പം മാറി കളിക്കുന്ന തിരക്കിലാണ് കുട്ടിയാന. ഇതിനിടെ കുട്ടിയാന ഒന്നു കാല്‍വഴുതി വീഴുന്നു. വിഴ്ചയില്‍ നിന്നും എഴുന്നേറ്റ ഉടനെ അമ്മയ്ക്ക് അരികിലേയ്ക്കാണ് കുട്ടിയാന ഓടിച്ചെല്ലുന്നത്. ‘അമ്മയെക്കാള്‍ മികച്ച വേദനസംഹാരി ഇല്ല’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അരികിലെത്തിയ കുട്ടിയാനയെ അമ്മയാന തലോടി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.