‘ജീവാംശമായി’ പാടി സോഷ്യല്‍ മീഡിയയെ പാട്ടിലാക്കിയ നിരഞ്ജന; അതിശയിപ്പിക്കുന്നു എന്ന് സംഗീത സംവിധായകന്‍

April 17, 2020

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് പലരും സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കി.

നിരഞ്ജന എന്നാണ് ഈ മുടുക്കിയുടെ പേര്. അതിശയിപ്പിക്കുന്ന ആലാപന ഭംഗിയാണ് നിരഞ്ജനക്കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ താരമാക്കിയത്. ജീവാംശമായ് താനെ… എന്നു തുടങ്ങുന്ന സുന്ദരഗാനം ആലപിക്കുന്ന നിരഞ്ജനയുടെ വീഡിയോ ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ‘കുഞ്ഞു വാനമ്പാടി നിരഞ്ജന വീണ്ടും. പാട്ടിലൂടെ ഇവള്‍ എന്നെ അതിശയിപ്പിക്കുന്നു. ശ്രുതി കൃത്യം. എന്തൊരു ഫീല്‍’ എന്നു കുറിച്ചുകൊണ്ടാണ് ജീവാംശമായ് ഗാനത്തിന്റെ സംഗീത സംവിധായകന്‍ മിടുക്കിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്… ബി.കെ ഹരിനാരയണന്റേതാണ് അതിമനോഹരമായ ഈ വരികള്‍. കെ എസ് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് സിനിമയില്‍ ഗാനം ആലപിച്ചിരിക്കുന്നത്. 2018-ല്‍ തിയേറ്ററുകളിലെത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയും സംയുക്ത മേനോനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.