സ്റ്റഡി ടേബിൾ വാങ്ങാൻവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുഞ്ഞുമകന് സർപ്രൈസ് ഒരുക്കി പൊലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

April 30, 2020

സ്റ്റഡി ടേബിൾ വാങ്ങാൻ വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുഞ്ഞുമകന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ കുഞ്ഞുമകന് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് പൊലീസ്. യു കെ ജി വിദ്യാർത്ഥിയായ ദ്രുപതിന് മനോഹരമായൊരു സ്റ്റഡി ടേബിളുമായി എത്തിയിരിക്കുകയാണ് തലശ്ശേരി പൊലീസ്.

കഴിഞ്ഞ ദിവസമാണ് ദ്രുപത് തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹനെ തന്റെ സമ്പാദ്യം ഏൽപ്പിച്ചത്. സ്റ്റഡി ടേബിൾ വാങ്ങിക്കാൻ കരുതിവെച്ചിരുന്ന കാശാണെന്നും ഇത് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണെന്നും ദ്രുപത് പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എത്തിയ കുഞ്ഞു മകന് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. കുഞ്ഞിന് സ്റ്റഡി ടേബിൾ നൽകിയ പൊലീസിനും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.