ശകുന്തള ദേവിയ്ക്ക് ആദരമർപ്പിച്ച് വിദ്യാ ബാലൻ; വീഡിയോ

ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായെത്തുന്നത്. ഇപ്പോഴിതാ ശകുന്തള ദേവിയുടെ ഓർമ്മദിനത്തിൽ ആദരവുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

അതേസമയം ചിത്രത്തിന്റേതായി പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ലോക ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാ ബാലന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ‘അക്കങ്ങള്‍ കൊണ്ട് അവര്‍ ലോകത്തെ മാറ്റിമറിച്ചു. ആ ഗണിത ശാസ്ത്ര പ്രതിഭയെ ആദരിക്കാം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിദ്യാ ബാലന്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചത്.

ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. താരത്തിന്റെ പുതിയ ഹെയര്‍സ്‌റ്റൈലും ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസില്‍ 18 വയസ്സായവര്‍ക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം സംബന്ധിച്ച നിരവധി പുസ്തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്. അതേസമയം ഈ വേഷം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം വിദ്യാ ബാലന്‍ നേരത്തെ പങ്കുവച്ചിരുന്നു. 2020-ല്‍ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് സൂചന.