ഇതാണ് ഇന്ത്യയിലെ വൻമതിൽ; അത്ഭുത കാഴ്ചകൾ ഒരുക്കി കുംഭൽഗഡ് കോട്ട

May 16, 2020
kumbhal garh

മനോഹരമായ യാത്രകൾ മനസിനും ശരീരത്തിനും സന്തോഷം നൽകുമെന്നതിനാൽ ഇടയ്ക്കെങ്കിലും യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതുകൊണ്ടുതന്നെ കൊറോണ കാലത്ത് വീടിനകത്ത് കഴിഞ്ഞുകൂടുന്നവർ മുഴുവൻ ചിന്തിക്കുക.. ഇതൊക്കെ കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം എന്നായിരിക്കും. അതുകൊണ്ടുതന്നെ ഗൂഗിളിൽ മനോഹരമായ ടൂറിസ്റ്റ് സ്പോട്ടുകൾ തിരയുന്നവരും നിരവധിയാണ്.

അധികമാരും കേൾക്കാത്ത ഒരു സ്ഥലമാണ് ഇന്ത്യയിലെ വന്മതിൽ എന്നറിയപ്പെടുന്ന കുംഭൽഗഡ് കോട്ട. മഹാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്ന് വിശേഷിപ്പിക്കുന്ന കോട്ടയാണിത്. രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഈ കോട്ട പതിനഞ്ചാം നൂറ്റാണ്ടിൽ റാണ കുംഭ എന്ന രാജാവാണ് പണികഴിപ്പിച്ചത്.

രാജസ്ഥാനിലെ മേവാറിൽ ആരവല്ലി മലനിരകൾക്ക് മുകളിലായി കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായായാണ് കുംഭൽഗഡ് കോട്ട സ്ഥിതിചെയ്യുന്നത്. 38 കിലോമിറ്ററാണ് കോട്ടമതിലിന്റെ നീളം.

കോട്ടയ്ക്കുള്ളില്‍ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന നിരവധി കാഴ്ചകളുമുണ്ട്. 360 ക്ഷേത്രങ്ങള്‍ ഇതിനകത്തുണ്ട്.   രാജകൊട്ടാരങ്ങൾ,  വ്യാപാര കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ തുടങ്ങിയവയൊക്കെയേയും കോട്ടയ്ക്കകത്തെ മനോഹര കാഴ്ചകളാണ്.

യുനെസ്ക്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ കുംഭൽഗഡ് കോട്ടയും ഇടംനേടിയിട്ടുണ്ട്.

Read also: ‘കുടയല്ല, വടി’; ചിരിപ്പിച്ച് ഒരു തമാശക്കാരി അമ്മൂമ്മയും അപ്പൂപ്പനും- സ്നേഹം നിറഞ്ഞ വീഡിയോ

സിസോഡിയ രജപുത്ര ഭരണാധികാരിയായിരുന്ന കുംഭയുടെ ഭരണകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചത്. അക്കാലത്തെ പ്രശസ്ത വാസ്തുശിൽപയായിരുന്ന മദൻ ആണ് ഇന്ന് കാണുന്ന രൂപത്തിൽ കോട്ട വികസിപ്പിച്ചത്. രാജസ്ഥാനിലെ രന്താംബോർ മുതൽ മധ്യപ്രദേശിലെ ഗോളിയോർ വരെ പരന്നു കിടക്കുന്ന പ്രദേശമായിരുന്നു റാണ കുംഭയുടെ മേവാർ സാമ്രാജ്യം.

റാണ കുംഭന്റെ ഭരണാധിപത്യത്തിൽ 84 കോട്ടകൾ ഉണ്ടായിരുന്നു. അവയിൽ 32 എണ്ണത്തിന്റെ രൂപകൽപ്പനയും നിർവഹിച്ചത് കുംഭൻ തന്നെയായിരുന്നു. ഇവയിൽ ഏറ്റവും വലുത് കുംഭൽഗഡ് കോട്ടതന്നെയാണ്. യുദ്ധം പോലുള്ള അപകട സമയങ്ങളിൽ മേവാർ ഭരണാധികാരികൾ ഒളിത്താവളമായി ഈ കോട്ട ഉപയോഗിച്ചിരുന്നതായും ചരിത്രം പറയുന്നു. 

Story Highlights: kumbhalgarh travel spot india