ലോക്ക് ഡൗൺ മൂലം കളിപ്പാട്ടം വാങ്ങാൻ കടയില്ല; വീട്ടിലിരുന്ന് മടുത്ത മകൾക്ക് അച്ഛന്റെ വക ഗംഭീര കളിവണ്ടി!

May 8, 2020

ലോക്ക് ഡൗൺ ദിനങ്ങൾ കുട്ടികളെ സംബന്ധിച്ച് വീടിനുള്ളിൽ തന്നെ കഴിയുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വീടിനു പുറത്തേക്കിറങ്ങി കളിക്കാനായി കൂട്ടുകാരുമില്ല. എല്ലാവരും സ്വന്തം വീടുകൾക്കുള്ളിലും വീട്ടുമുറ്റത്തുമായി ഒറ്റക്കുള്ള കളികളിൽ ഒതുങ്ങിക്കൂടുകയാണ്.

അങ്ങനെ ഒറ്റക്കിരുന്നു മടുത്ത മകൾക്ക് ഒരു അച്ഛൻ നിർമിച്ച് നൽകിയ കളിപ്പാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോക്ക് ഡൗൺ ആയതോടെ കളിപ്പാട്ടം വാങ്ങാൻ കടകളില്ലാതായി. എങ്കിൽ പിന്നെ ഒരെണ്ണം സ്വന്തമായി നിർമിച്ച് നല്കിയാലോ, മകളുടെ ആവശ്യമല്ലേ എന്ന് ആ അച്ഛൻ കരുതി.

മടിക്കൈ സ്വദേശിയായ സുനേഷ് ഒരു ബൈക്ക് മെക്കാനിക്കൽ ആണ്. അതുകൊണ്ട് തന്നെ പല കടകളിൽ നിന്നും സംഘടിപ്പിച്ച സ്ക്രപ്പുകളുമായി ഒരു ഗോ കാർട്ട് നിർമിക്കാനുള്ള പരിശ്രമവും തുടങ്ങി. എല്ലാ പണികളും പൂർത്തിയാക്കിയപ്പോൾ കിട്ടിയത് ഗംഭീരമായൊരു കൊച്ചു വണ്ടി. ഇപ്പോൾ സുനീഷിന്റെ മകൾ ഇക്ത എപ്പോഴും മുറ്റത്ത് ഓടിച്ചു കളിക്കുന്നത് ഈ വണ്ടിയാണ്.

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് സുനേഷ്. ഇപ്പോൾ സ്വന്തമായി വർക്ക് ഷോപ്പ് നടത്തുകയാണ്. ആകെ വേഗത നിയന്ത്രിക്കാനുള്ള കൺട്രോളർ മാത്രമാണ് പുറത്തു നിന്നും കാശുമുടക്കി വാങ്ങിയത്.

വണ്ടിയിൽ ഇരിക്കാനുള്ള സീറ്റ് മൂന്നുചക്രമുള്ള സൈക്കിളിന്റേതാണ്. ഗെയിം സെന്ററുകാർ ഉപേക്ഷിച്ച സ്റ്റീയറിങ്ങാണ് വണ്ടിയിൽ പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും വണ്ടി ഹിറ്റായതോടെ അഞ്ചു വണ്ടികളുടെ ഓർഡറാണ് സുനേഷിനെ തേടിയെത്തിയിരിക്കുന്നത്.

Story highlights- Creative father makes toy car for daughter