‘തൈറോയിഡ്’ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

May 30, 2020
thyroid

തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ തൈറോയിഡ് രോഗങ്ങളെ ഗൗരവമായി കാണണം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയിഡ് രോഗങ്ങൾ കൂടുതലായും കണ്ടുവരുന്നത്. തൈറോയിഡ് ഹോർമോണിന്റെ ഉൽപാദനം കൂടുന്നതും കുറയുന്നതുമാണ് പ്രധാനമായും രോഗങ്ങൾക്ക് കാരണമാകുന്നത്. തൈറോയിഡ് രോഗം ചിലപ്പോൾ തൈറോയിഡ് ക്യാൻസറിന് വരെ കാരണമാകും.

അതേസമയം തൈറോയിഡ് രോഗങ്ങളെ ആദ്യമേ കണ്ടെത്തിയാൽ ചികിത്സ വളരെ എളുപ്പമാണ്. എന്നാൽ ഇതിനെ നിസാരമായി കണ്ടാൽ ചിലപ്പോൾ ഗുരുതരമായ രോഗങ്ങൾക്ക് വരെ ഇത് കാരണമാകും.

തൈറോയിഡ് രണ്ട് വിധം 

തൈറോയിഡ് ഹോർമോണിന്റെ ഉൽപാദനം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. തൈറോയിഡ് ഹോർമോണിന്റെ ഉത്പാദനം കൂടുന്നതാണ് ഹൈപ്പർ തൈറോയിഡിസം. തൈറോയിഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം.

തൈറോയിഡിന്റെ ലക്ഷണങ്ങൾ  

ഉന്മേഷക്കുറവ്

തൈറോയിഡ് രോഗമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉന്മേഷക്കുറവ്. ഇവർക്ക് എപ്പോഴും ക്ഷീണമായിരിക്കും. എത്ര ഉറങ്ങിയാലും വീണ്ടും വീണ്ടും ഉറങ്ങാനുള്ള പ്രവണതയും ഉത്സാഹക്കുറവും തൈറോയിഡിന്റെ ലക്ഷണമാണ്. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കുറവായിരിക്കും.

ശരീരഭാരം കൂടുന്നു/ കുറയുന്നു 

എത്ര വ്യായാമം ചെയ്താലും, കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരം കഴിച്ചാലും ശരീരഭാരം കുറയുന്നില്ല. ഇത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ് ഇത്. തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയുന്നത് ശരീരഭാരം കൂടാൻ കാരണമാകും. തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കൂടുമ്പോൾ ശരീരഭാരം കുറയും.

Read also: ‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ

പേശികളിൽ വേദന 

തൈറോയിഡ് രോഗമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സന്ധിവേദന, ബലക്ഷയം എന്നിവ.

മുടി കൊഴിച്ചിൽ, മുടി പൊട്ടൽ 

മുടിയുടെ  ആരോഗ്യത്തിന് തൈറോയിഡ് ഹോർമോൺ ആവശ്യമാണ്.  ഹൈപ്പോതൈറോയിഡിസമുള്ളവരിൽ കൂടെക്കൂടെ മുടിപൊട്ടിപ്പോകാനും , ചർമ്മം വരണ്ടതാകാനും കാരണമാകും. അതേസമയം ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ കനത്ത മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

ഉദരരോഗങ്ങൾ  

മലബന്ധം, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം എന്നിവയും ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ കണ്ടുവരാറുണ്ട്.

കൊളസ്‌ട്രോൾ

കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.

ആർത്തവസമയത്തെ അസ്വസ്ഥകൾ  

ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവവും,  കഠിനമായ വേദനയും ഹൈപ്പോ തൈറോയിഡിസം ഉള്ളവരിൽ കാണാറുണ്ട്. അതേസമയം സമയം തെറ്റി വരുന്ന ആർത്തവവും, കുറഞ്ഞ തോതിലുള്ള രക്തസ്രാവവും ഹൈപ്പർ തൈറോയിഡിസത്തിന്റെ ലക്ഷണമാണ്.

Story Highlights: thyroid these things you should know