സർവ രോഗങ്ങളെയും തോൽപ്പിക്കുന്ന സംഗീതവുമായി ആദിത്യ; വീഡിയോ പങ്കുവെച്ച് ജി വേണുഗോപാൽ

June 18, 2020
adithya

ചെറുപ്പം മുതലേ അസ്ഥികൾ ഒടിയുന്ന രോഗമാണ് ആദിത്യ സുരേഷിന്. എല്ലാ വേദനകളെയും പാട്ടുപാടി തോൽപ്പിക്കുന്ന ഈ കുഞ്ഞുമിടുക്കന്റെ ഒരു മനോഹര ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യന്റെ വീഡിയോ ഗായകൻ ജി വേണുഗോപാലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആദിത്യന്റെ ആലാപനമാധുര്യത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

ഈ കുഞ്ഞുമകന്റെ പാട്ട് കേട്ടാൽ എത്ര വലിയ വേദനയും ഇല്ലാതാകും എന്നാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. മനോഹരമായ പാട്ടിന് അഭിനന്ദനം നൽകുന്നതിനൊപ്പം ആദിത്യന്റെ രോഗം മാറാൻ പ്രാർത്ഥനകളും നേരുന്നുണ്ട് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

Read also: ആദ്യം ഉയർന്നുപൊങ്ങി പിന്നെ അടർന്നു വീണു; അപൂർവ്വ ദൃശ്യങ്ങൾ

‘അസ്ഥികൾ ഒടിയുന്ന രോഗമുള്ള ആറാം ക്ലാസ്സ്കാരൻ ആദിത്യ സുരേഷ്. സർവ്വ രോഗങ്ങളേയും തോൽപ്പിക്കുന്ന സംഗീതമാണ് അവന് കൈമുതലായുള്ളത്. മനസ്സും കണ്ണും നിറയുന്നു, അവൻ പാടുമ്പോൾ’ എന്ന അടിക്കുറുപ്പോടെയാണ് ജി വേണുഗോപാൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.