പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ പാവകള്‍ ഉണ്ടാക്കി ഒരു അധ്യാപിക

June 24, 2020
Primary school teacher make 23 dolls represent her students

കാലാന്തരങ്ങള്‍ക്ക് മുന്‍പേ പവിത്രമായി കരുതുന്ന ഒന്നാണ് ഗുരു- ശിഷ്യ ബന്ധം. അധ്യാപകര്‍ക്ക് കുട്ടികളോടുള്ള കരുതലും സ്‌നേഹവും ഒക്കെ പലപ്പോഴും പ്രശംസനീയമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തിന്റെ പല ഇടങ്ങിലും അധ്യാപകര്‍ക്ക് കുട്ടികളെ നേരിട്ട് കാണാനോ, അറിവുകള്‍ പകര്‍ന്നു കൊടുക്കാനോ സാധിച്ചിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് പലയിടങ്ങളിലും ഇപ്പോഴും ക്ലാസ് സംഘടിപ്പിക്കുന്നത് തന്നെ.

തൊട്ടരികിലായി തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ കാണാനാകാത്ത വിഷമത്തെ മറികടക്കാന്‍ കുട്ടികളുടെ രൂപത്തില്‍ പാവകള്‍ ഉണ്ടാക്കിയ ഒരു അധ്യാപിക ശ്രദ്ധ നേടുന്നു. നെതര്‍ലന്‍ഡിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. കമ്പിളി നൂല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ പാവകളെ ഉണ്ടാക്കുകയായിരുന്നു ഈ ആധ്യാപിക.

Read more: ഇത്ര ക്യൂട്ടായ ഒരു സൗണ്ട് ഇതിനു മുമ്പ് കേട്ടിട്ടുണ്ടാകില്ല; ഭക്ഷണം കഴിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞിന്റെ ‘കൊഞ്ചല്‍’: വൈറല്‍ വീഡിയോ

ആംസ്റ്റര്‍ഡാമിനടുത്തുള്ള ഡോ എച്ച് ബാവിങ്ക് സ്‌കൂളിലെ അധ്യാപികയായ ഇങ്‌ബോര്‍ഗ് മെയിന്‍സ്റ്റര്‍ ആണ് ഇത്തരത്തില്‍ പാവകളെ ഉണ്ടാക്കിയെടുത്തത്. പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍. ലോക്ക് ഡൗണില്‍ തനിക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നേരിട്ട് കാണാനാകാത്തതില്‍ ഈ അധ്യാപിക ഏറെ വിഷമിച്ചു. ഇതിനിടെയിലാണ് പിന്റെറസ്റ്റില്‍ ഒരു പാവ പ്രോജക്ട് കാണാന്‍ ഇടയായത്. ഇതു കണ്ടപ്പോള്‍ ഇത്തരത്തില്‍ കുട്ടികളുടെ രൂപത്തില്‍ പാവകളെ ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇങ്‌ബോര്‍ഗ് മെയിന്‍സ്റ്റര്‍.

ഈ അധ്യാപികയുടെ ക്ലാസില്‍ 23 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതുപ്രകാരം 23 കുട്ടിപാവകും ഉണ്ടാക്കി അധ്യാപിക. മാത്രമല്ല അവയ്‌ക്കെല്ലാം വിദ്യാര്‍ത്ഥികളുടെ പേരുകളും നല്‍കി. നാല് മണിക്കൂര്‍ സമയമെടുത്താണ് ഇങ്‌ബോര്‍ഗ് മെയിന്‍സ്റ്റര്‍ ഇത്തരത്തില്‍ പാവകള്‍ തയാറാക്കിയത്.

പത്ത് സെന്റീമീറ്ററാണ് പാവകളുടെ ഉയരം. ഓരോ പാവയ്ക്കും വ്യത്യസ്തമായ ശൈലിയും നല്‍കിയിട്ടുണ്ട്. സ്വന്തം രൂപത്തിലും ഒരു പാവയെ ഉണ്ടാക്കി ഈ അധ്യാപിക. അതേസമയം അടുത്തിടെ സ്‌കൂളിലെത്തിയ ഇങ്‌ബോര്‍ഗ് മെയിന്‍സ്റ്റര്‍ ഓരോ വിദ്യാര്‍ത്ഥിക്കും അവരവരുടെ രൂപത്തിലുള്ള പാവകളെ സമ്മാനിക്കുകയും ചെയ്തു.

Story highlights: Primary school teacher make 23 dolls represent her students