ഫുട്ബോളിന്റെ വലുപ്പമുള്ള മുട്ട; രഹസ്യം കണ്ടെത്തി ശാസ്ത്രലോകം

June 23, 2020
fossil

അടുത്തിടെ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ച ഒന്നായിരുന്നു അന്റാർട്ടിക്കയിൽ കണ്ടെത്തിയ ഫുട്‍ബോൾ വലിപ്പമുള്ള മുട്ട. ഏതാണ്ട് 66 ദശലക്ഷം വർഷം പഴക്കമുള്ള മുട്ടയുടെ ഉറവിടം കണ്ടെത്താനായി നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നു. ഒടുവിൽ ഇതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

അന്റാർട്ടിക്കയിലെ മഞ്ഞുമലകൾക്കിടയിൽ നിന്നും ഒരു പാറക്കല്ലിൽ ഉറച്ചനിലയിലാണ് ഈ മുട്ട കണ്ടെത്തിയത്. ആദ്യകാഴ്ചയിൽ ഒരു ഫുട്‍ബോൾ ചുരുങ്ങിപോയതാണെന്നേ തോന്നു. ഇതെന്താണെന്ന് മനസിലാകാതിരുന്ന ശാസ്ത്രജ്ഞർ ഒരു വസ്തു എന്നർത്ഥം വരുന്ന ‘ദി തിങ്’ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. 2018 ൽ മ്യൂസിയം സന്ദർശിക്കാനെത്തിയ ജിയോളജിക്കൽ സയൻസിലെ പ്രഫസർ ജൂലിയ ക്ലർക്കാണ് ആദ്യമായി ഇതൊരു ജീവിയുടെ മുട്ടയാണെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരീക്ഷണങ്ങളിൽ ഇത് സത്യമാണെന്നും സ്ഥിരീകരിച്ചു.

പല്ലികളുടെയും പാമ്പുകളുടേയുമൊക്കെ മുട്ടയ്ക്ക് സമാനമായ ആകൃതിയിലാണ് ഈ മുട്ട. എന്നാൽ അവയേക്കാളേറെ വലുപ്പമുണ്ട് ഇവയ്ക്ക്. വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മൊസാസോർ എന്ന ഉരഗ ജീവിയുടെ മുട്ടയാകാം ഇതെന്ന് ഗവേഷകർ ആദ്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വര്ഷങ്ങള്ക്ക് മുൻപ് അന്റാർട്ടിക്കയിൽ ജീവിച്ചിരുന്ന രാക്ഷസ പക്ഷിയുടെ മുട്ടയാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read also: ക്യാറ്റ് വോക്കിനെ വെല്ലും ഈ ‘ആനനടത്തം’; വൈറല്‍ വീഡിയോ

28 സെന്റീമീറ്റർ നീളവും 18 സെന്റീമീറ്റർ വീതിയും ഉണ്ട് ഈ മുട്ടയ്ക്ക്. ഫോസിൽ രൂപത്തിൽ അന്റാർട്ടിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ മുട്ട, ലോകത്ത് ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ രണ്ടാമത്തെ മുട്ടയാണ്.

ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന 250 ഇനം ഉരഗങ്ങളുടെയും അവയുടെ മുട്ടകളുടെയും വലുപ്പം താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ ഈ മുട്ടയിട്ട ജീവിയ്ക്ക് ഏതാണ്ട് ഇരുപതടി നീളമുണ്ടായിരുന്നിരിക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Story Highlights: secret behind football sized egg