മാസ് ലുക്കില്‍ സുരേഷ് ഗോപി; 250-ാം ചിത്രം ഒരുങ്ങുന്നു

June 18, 2020
Suresh Gopi 250th Film produced by Tomichan Mulakupadam

നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. താരത്തിന്റെ 250-ാംമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ മേക്ക് ഓവറും നേരത്തെതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ 250-ാം ചിത്രത്തിനു വേണ്ടിയുള്ള ലുക്ക് താരംതന്നെയാണ് നേരത്തെ പരിചയപ്പെടുത്തിയതും. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടോമിച്ചന്‍ മുളകുപാടം പങ്കുവെച്ചു.

മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു.

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു . അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും. ചിത്രത്തിലെ താരത്തിന്റെ അഭിനയവും പ്രശംസനീയമാണ്.

Story highlights: Suresh Gopi 250th Film produced by Tomichan Mulakupadam