തൂവെള്ള നിറം, പീലി വിടര്‍ത്തി നൃത്തം ചെയ്ത് മയില്‍: കൗതുകക്കാഴ്ച

June 10, 2020
Video of white peacock dance goes viral

രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട് സമൂഹമാധ്യമങ്ങളിലൂടെ. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് ഇവ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. കാഴ്ചക്കാരില്‍ രസം നിറയ്ക്കുന്ന ഒരു മയില്‍ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പീലി വിടര്‍ത്തി നൃത്തം ചെയ്യുന്ന മയിലുകള്‍ പലപ്പോഴും കാഴ്ചക്കാരില്‍ വലിയ കൗതുകം നിറയ്ക്കാറുണ്ട്. വര്‍ണനകള്‍ക്ക് അതീതവുമാണ് മയിലുകളുടെ ഭംഗിയും. തൂവെള്ള നിറത്തിലുള്ള പീലികള്‍ വിടര്‍ത്തി നൃത്തം ചെയ്യുന്ന മയിലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നത്.

ഇത്തരം ദൃശ്യങ്ങള്‍ മുന്‍പും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ആണ് കഴിഞ്ഞ ദിവസം വെള്ള മയിലിന്റെ നൃത്ത വീഡിയോ ട്വിറ്റ് ചെയ്തത്. വെള്ള മയിലുകള്‍തന്നെ അപൂര്‍വ്വമായ കാഴ്ചയാണ്. ജനിതക ഘടനയിലെ ഉള്‍പരിവര്‍ത്തനമാണ് ചില മയിലുകളുടെയും വെള്ള നിറത്തിന് കാരണം. പലപ്പോഴും ഇണയെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലി നിവര്‍ത്തി നൃത്തം ചെയ്യുന്നത്.

Story highlights: Video of white peacock dance goes viral