ചൂടുനീരുറവയില്‍ നിന്നും മുകളിലേക്ക് കുതിച്ച് പൊങ്ങി ജലം: കൗതുകമായി ഉഷ്ണജലധാരയുടെ ദൃശ്യങ്ങള്‍

July 23, 2020
Geyser forms a giant bubble before exploding

പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം അതീതമാണ്. ചില പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഉഷ്ണ ജലധാര പ്രതിഭാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ഉഷ്ണ ജലധാരയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.

ചൂടു നീരുറവകളില്‍ നിന്നും അതിശക്തമായി വെള്ളം മുകളിലേക്ക് കുതിച്ച് ഉയരുന്നതിനേയാണ് ഉഷ്ണ ജലധാര എന്നു പറയുന്നത്. സാധാരണ അഗ്നിപര്‍വ്വതങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലാണ് ചൂടു നീരുറവകള്‍ കാണപ്പെടുന്നത്. പലപ്പോഴും ഇവ താല്‍കാലിക പ്രതിഭാസമായാണ് പ്രത്യക്ഷപ്പെടാറുള്ളതും. മിക്കപ്പോഴും ഉഷ്ണ ജലധാരകള്‍ വളരെ പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും.

ഭൂമിയുടെ ഉള്ളറകളിലെ ചുട്ടു പഴുത്ത ശിലാപടലങ്ങളുമായോ അല്ലെങ്കില്‍ ഭൂമിയിലെ അടിത്തട്ടിലെ അതികഠിനമായ ഊഷ്മാവുള്ള നീരാവിയുമായോ സമ്പര്‍ക്കത്തില്‍ വരുന്ന ഭൂഗര്‍ഭ ജലമാണ് ഇത്തരത്തില്‍ ഉഷ്ണ ജലധാരയായി പുറത്തേക്ക് പ്രവഹിക്കുന്നത്. ഉഷ്ണ ജലവും ചൂടു ബാഷ്പവും ചേര്‍ന്ന് ഇത്തരത്തില്‍ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ച പലപ്പോഴും അതിശയിപ്പിക്കാറുമുണ്ട്.

ലോകത്താകമാനം ആയിരക്കണക്കിന് ഉഷ്ണ ജലധാരകള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോ സ്‌റ്റോണ്‍ നാഷ്ണല്‍ പാര്‍ക്കിലെ ഓള്‍ഡ് ഫെയ്ത്ഫുള്‍ എന്ന ഉഷ്ണ ജലധാരയാണ് ഇക്കുട്ടത്തില്‍ ഏറെ പ്രശസ്തമായത്. ഇന്ത്യയില്‍ ജമ്മു-കാശ്മീര്‍, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ചൂടു നീരുറവകള്‍ ഉണ്ട്.

പ്രധാനമായും രണ്ട് തരത്തിലുള്ള ഉഷ്ണ ജലധാര പ്രതിഭാസങ്ങള്‍ കാണപ്പെടാറുണ്ട് ജലാശയങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഉഷ്ണ ജലധാരയാണ് ഇവയില്‍ ഒന്ന്. സാധാരണഗതിയില്‍ തീവ്രവും അക്രമാസക്തവുമായിരിക്കും ഈ ഉഷ്ണജലധാര പ്രതിഭാസം. കൂടാതെ ഗീസറൈറ്റ് പാറകള്‍ അടങ്ങിയിരിക്കുന്ന സില്‍ക്ക പ്രദേശങ്ങളുടെ കോണുകളില്‍ നിന്നും ഇത്തരത്തില്‍ ഉഷ്ണ ജലധാര പൊട്ടിപ്പുറപ്പെടാറുണ്ട്. സാധാരണയായി ഏതാനും നിമിഷങ്ങള്‍ മുതല്‍ കുറച്ച് മിനിറ്റ് വരെ ഈ ഉഷ്ണ ജലധര നീണ്ടുനില്‍ക്കും.

Story highlights: Geyser forms a giant bubble before exploding