നാഗവല്ലിയേയും കണ്ണേട്ടനേയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് മധു മുട്ടം വീണ്ടും ചലച്ചിത്ര രംഗത്തേക്ക്

July 3, 2020
madhu muttam

മറക്കാനാവാത്ത ഒരുപിടി മനോഹര ചിത്രങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച കലാകാരനാണ് മധു മുട്ടം. പുതു തലമുറയ്ക്ക് ഈ പേര് അത്ര പരിചിതമല്ലെങ്കിലും അദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ കാണാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമ പ്രേമികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളായ മണിച്ചിത്രത്താഴ്, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ തുടങ്ങി തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് മധു മുട്ടം.

പുതിയ ചിത്രവുമായി മധു മുട്ടം മലയാള ചലച്ചിത്ര ലോകത്തേക്ക് വീണ്ടുമെത്തുന്നുവെന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമ രംഗത്തേക്ക് തിരികെയെത്തുന്നത്. അദ്ദേഹത്തെക്കുറിച്ച് കട്ടച്ചിറ വിനോദ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഫേസ്ബുക്ക് കുറിപ്പ്:

ഓണാട്ടുകരയുടെ സ്വന്തം
എഴുത്തുകാരൻ.
#മധുമുട്ടം

“വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാം
അതെന്നാലുമെന്നും….” ഈ ഗാനം ഇഷ്ടപ്പെടാത്തതായി ആരും കാണില്ല. അത്രമേൽ മനസ്സിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ളഗാനം. മധുമുട്ടം എഴുതിയഗാനം. ശരിയ്ക്കും മധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈ ഗാനം.

കവി, കഥാകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം. കായംകുളത്തിന്
ഏഴു കിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്ന കൊച്ചുഗ്രാമം. അവിടെയൊരു കൊച്ചുവീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ,
അവിവാഹിതനായി ഏകനായി കഴിയുകയാണ് അദ്ദേഹം.

കായംകുളം ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം,
നങ്ങ്യാര്‍ കുളങ്ങര ടി.കെ.എം കോളേജില്‍ നിന്ന് ധന തത്ത്വശാസ്ത്രത്തിൽ മധു ബിരുദം നേടി. പിന്നീട് അദ്ധ്യാപകനായി.
കോളേജ് മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടുത്തെ
മലയാളം പ്രൊഫസറാണ് മധുവിന്, മധു മുട്ടം എന്ന പേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ “സര്‍പ്പംതുള്ളല്‍” എന്ന കഥയാണ് സംവിധായകന്‍ ഫാസില്‍ “എന്നെന്നുംകണ്ണേട്ടന്റെ” എന്ന സിനിമയാക്കിയത്.

Read also: ലണ്ടനിൽ നിന്നും കൊൽക്കത്തയിലേക്ക് പത്തുരാജ്യങ്ങളിലൂടെ സർവീസ് നടത്തിയിരുന്ന ബസ്- ഒരു സുവർണ കാലത്തിന്റെ ഓർമ്മ

പിന്നീട് കമല്‍ സംവിധാനം ചെയ്ത “കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍” എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസില്‍ സംവിധാനം ചെയ്ത, ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ”വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ്ഗാനം മധുമുട്ടം മലയാള നാട് വാരികയിലെഴുതിയ ഒരുകവിതയായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം.
സന്യാസ ജീവിതം നയിക്കുന്ന എഴുത്തുകാരൻ. ‘മണിച്ചിത്രത്താഴ്’
സിനിമ വന്‍ വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധുമുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരുദിവസം വാര്‍ത്തകളില്‍ പ്രത്യേക സ്ഥാനംപിടിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തം കഥയുടെ അവകാശത്തിനുവേണ്ടി മാത്രം. മണിച്ചിത്രത്താഴ് തമിഴിലും,
തെലുങ്കിലും, ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോൾ
തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി.
അതിനുമുന്നേ, കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു.
എന്നാലതിന്റെ ഒരു വിഹിതവും മധുമുട്ടത്തിനു ലഭിച്ചില്ല,
എന്തിന്, കഥാകൃത്തിന്റെ പേരു പോലുമില്ലായിരുന്നു.
ഒടുവിൽ കേസ് നടത്താൻ കൈയിൽ കാശില്ലാതെ വന്നപ്പോൾ അദ്ദേഹം പിന്മാറുകയായിരുന്നു. (ഹിന്ദിയിൽ മാത്രം മനസ്സില്ലാമനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.) എന്നാൽ ഈ വിഷയത്തിൽ, സിനിമാ രംഗത്തു നിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല.
ഈ സംഭവത്തോടെ അദ്ദേഹം സിനിമാ ലോകത്തുനിന്നും
മാറിനിന്നു.

എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻ എഫക്ട്,
എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തിൽ, സയൻസ് വിഷയം പ്രമേയമാക്കിയ “ഭരതൻ എഫക്ട്” മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്. “കാക്കേംകീക്കേം കാക്കത്തമ്പ്രാട്ടീം…’ (എന്നെന്നും കണ്ണേട്ടന്റെ) “പലവട്ടം പൂക്കാലം…..” വരുവാനില്ലാരും…”(മണിച്ചിത്രത്താഴ്) “ഓർക്കുമ്പം ഓർക്കുമ്പം….” (കാണാക്കൊമ്പത്ത്)
തുടങ്ങിയ ഏതാനും ഹിറ്റ് ഗാനങ്ങളും ആ തൂലികയിൽ പിറന്നു.
മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളും പാട്ടുകളും.
അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര.

ആരോടും പരിഭവമില്ലാതെ, തിരക്കുകളിൽ നിന്നെല്ലാമകന്ന്,
പേരിനുമാത്രം സൗഹൃദംവച്ച് മുട്ടത്തെ വീട്ടിൽ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാൻ വലിയ മടിയാണ്. പക്‌ഷേ, ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നുമാത്രം.
വർഷങ്ങൾക്ക് ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമ ഭംഗി നിറയുന്ന
മനോഹരമായൊരു ക്ലാസിക് ഫിലിം ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Story Highlights: Madhu Muttam back to film industry