‘ആ വിശ്വാസമാണ് നീ കളങ്കപ്പെടുത്തിയത്’; അനൂപ് മേനോന്റെ മുഴുനീള ഡയലോഗുമായി ‘മരട് 357’ ടീസർ

July 23, 2020
Maradu 357

മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് ‘. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോൻ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഷീലു അബ്രഹാം, നൂറിൽ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനൂപ് മേനോന്റെ ഡയലോഗ് തന്നെയാണ് വീഡിയോയുടെ മുഖ്യ ആകർഷണവും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിലെ ഒരു ഗാനവും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൈയിൽ തോക്കും പിടിച്ച് നിൽക്കുന്ന അനൂപ് മേനോനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്.

Read also: 12 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്

ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൂടെയാണ് സംവിധായകൻ കണ്ണൻ താമരക്കുളം മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് കണ്ണൻ താമരക്കുളം നേരത്തെ പറഞ്ഞിരുന്നു, ഇത് സൂചിപ്പിക്കും വിധത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.

ബൈജു സന്തോഷ്, പ്രേം കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, ജയൻ ചേർത്തല, രാജാമണി (സെന്തിൽ), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണൻ പടന്നയിൽ, കൃഷ്ണ, കലാഭവൻ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ. ഫോർ മ്യുസിക്‌സ് ആണ് സംഗീതം. രചന കൈതപ്രം, രാജീവ് ആലുങ്കൽ. ക്യാമറ രവി ചന്ദ്രൻ, എഡിറ്റ് – വി ടി ശ്രീജിത്ത്. 

അതേസമയം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ്-19 പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.