സന്ദര്‍ശകര്‍ക്ക് വിസ്മയമൊരുക്കാന്‍ മത്സ്യത്തിനുള്ളിലെ മ്യൂസിയം; പ്രവേശന ഫീസ് അഞ്ച് രൂപ

July 15, 2020
Museum to showcase fish diversity of Chilika

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മനുഷ്യന്റെ പല നിര്‍മിതികളും മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും ഇത്തരം നിര്‍മിതികള്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുകയും ചെയ്യുന്നു. മത്സ്യത്തിന്റെ ആകൃതിയിലുള്ള മനോഹരമായ ഒരു മ്യൂസിയം ശ്രദ്ധ നേടുന്നു.

ഒഡീഷയിലാണ് ഈ മ്യൂസിയം. 330 ഇനം മത്സ്യങ്ങളും 12 ഇനം ചെമ്മീനുകളും ഉണ്ട് നിലവില്‍ ഈ മ്യൂസിയത്തില്‍. പ്രത്യേകതകളുള്ള മിനി അക്വേറിയവും മ്യൂസിയത്തിലുണ്ടാകും. ഒപ്പംതന്നെ മറ്റ് ജൈവ വൈവിധ്യ കാഴ്ചകളും ഒരുങ്ങുന്നുണ്ട്. പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ മത്സ്യത്തിന്റെ ആകൃതിയില്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.

Read more: മിക്ക വീടുകളിലേക്കും പഴങ്ങളും പച്ചക്കറികളുമടക്കം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ നായക്കുട്ടി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചില്‍കയുടെ കരയില്‍ ബാര്‍ക്കൂളിന് സമീപത്തായാണ് മ്യൂസിയം. ചില്‍ക ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഈ മനോഹരമായ മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി അടുത്ത മാസം അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അഞ്ച് രൂപയായിരിക്കും പ്രവേശന ഫീസ്.

ചരിത്രപ്രാധാന്യമുള്ള സ്ഥലമായതു കൊണ്ടുതന്നെ ചില്‍ക സഞ്ചാരപ്രിയര്‍ക്കിടയില്‍ പ്രശസ്തമാണ്. കലിംഗ രാജവംശത്തിന്റെ കാലത്ത് പ്രധാന വാണിജ്യ കേന്ദ്രവും തുറുമുഖവുമായിരുന്നു ഇവിടം. പിന്നീട് വിനോദ സഞ്ചാര കേന്ദ്രമായി. ചില്‍ക ഉപ്പുജല തടാകം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണവും.

Story highlights: Museum to showcase fish diversity of Chilika