നിസ്സാരക്കാരനല്ല പപ്പായ; ഗുണങ്ങള്‍ ഏറെയാണ്

July 1, 2020
Special health benefits of papaya

വീട്ടുവളപ്പിലും വിപണികളിലുമെല്ലാം സുലഭമാണ് പപ്പായ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. പോഷക സമ്പന്നമായതു കൊണ്ടുതന്നെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. പഴുത്ത പപ്പായയേക്കാള്‍ ഗുണങ്ങളുണ്ട് പച്ച പപ്പായയില്‍. പാപെയ്ന്‍ എന്ന എന്‍സൈം പച്ച പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ അമിതമായ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.

Read more: നൂറ് കിലോഗ്രാം ഭാരമുള്ള ബൈക്ക് തലയിലേന്തി ഗോവണി കയറുന്ന യുവാവ്; ബാലന്‍സിംഗ് മികവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ

പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവെച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമൊക്കെ ആരോഗ്യകരം തന്നെ. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം പപ്പായ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി വളരെ കുറവാണ് പപ്പായയില്‍. ശരീരത്തിലെ വിഷാംശത്തെ ഇല്ലായ്മ ചെയ്യാനും പപ്പായ സഹായിക്കുന്നു. ഒരു പരിധിവരെ വിശപ്പിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പപ്പായ കഴിച്ചുകൊണ്ട് അമിതഭാരത്തെ നിയന്ത്രിക്കാം.

ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട് പപ്പായയില്‍. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ ചര്‍മ്മ കാന്തിക്കും പപ്പായ ഉത്തമമാണ്. പപ്പായ കഴിക്കുന്നതും പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നതും മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും പപ്പായ സഹായിക്കുന്നു. എല്ലാറ്റിലും ഉപരിയായി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പപ്പായ കഴിക്കുന്നത് ശീലമാക്കാം.

Story highlights: Special health benefits of papaya