‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ രണ്ടും നോം തന്നെ’; ശ്രദ്ധേയമായി ഡോക്ടറുടെ കുറിപ്പ്

August 28, 2020
Dr Soumya Sarin Sharing Weight Loss Journey

അമിത വണ്ണം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമുണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കാം. ഇത്തരത്തില്‍ ശരീര ഭാരം കുറച്ച ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഡോ. സൗമ്യ സരിനാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!

സ്ത്രീകളുടെ വലിയ ഒരു പ്രശ്‌നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം. കുറക്കാന്‍ എല്ലാര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ മെനക്കെടാന്‍ വയ്യ താനും. ഞാനും അങ്ങിനെ ആയിരുന്നു. ‘ഒരാഴ്ച കൊണ്ട് ചാടിയ വയര്‍ അപ്രത്യക്ഷമാകും. ഈ പാനീയം കുടിച്ചു നോക്കൂ’, ‘വ്യായാമം വേണ്ട ഡയറ്റ് വേണ്ട മെലിഞ്ഞു സുന്ദരിയാകാം’, ‘ഈ അത്ഭുത മരുന്ന് കഴിച്ചു നോക്കൂ, വെറും പത്തു ദിവസത്തില്‍ മെലിഞ്ഞു സുന്ദരിയാകാം’….

ഒരു ഡോക്ടര്‍ ആയിട്ട് പോലും ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ കണ്ട സകല ചപ്പും ചവറും ഞാന്‍ പരീക്ഷിച്ചു. പലതും കഴിച്ചു. പലതും കുടിച്ചു. പക്ഷെ കാര്യമായി ഒന്നും നടന്നില്ല. (തുറന്ന് പറയാന്‍ ഒരു മടിയും ഇല്ല)

ഒരു കാര്യം ആദ്യം തന്നെ പറയട്ടെ. തടി ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്നു. കുത്തുവാക്കുകളും കളിയാക്കലുകളും വേണ്ടോളം കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് തടി കുറയ്ക്കണമെന്ന വെളിപാട് ഉണ്ടായത് ഇത് കൊണ്ടൊന്നുമല്ല. തടി ഒന്നിന്റെയും അളവ് കോലാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്നവരാണ് സുന്ദരികള്‍ എന്ന് ഇതുവരെ തോന്നിയിട്ടുമില്ല. സത്യത്തില്‍ ഞാന്‍ കണ്ട സുന്ദരികളെല്ലാം അത്യാവശ്യം തടിയുള്ളവരായിരുന്നു.

ഇപ്പൊ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഈ ഡോക്ടര്‍ എന്തൊരു തള്ളാണ് എന്ന് അല്ലേ? വലിയ ഫിലോസഫി പറയും, എന്നിട്ടു മെലിയാന്‍ പണിപ്പെടുകയും ചെയ്യും. തടി ഇത്ര നല്ലതായിരുന്നെങ്കില്‍ പിന്നെ മെലിയാന്‍ പോയതെന്തിന്?

പറയാം. അതാണ് ആദ്യമേ ജാമ്യം എടുത്തത്. തടി കുറക്കണം എന്ന് തീരുമാനിച്ചത് മറ്റുള്ളവരുടെ കളിയാക്കല്‍ ഭയന്നോ സുന്ദരിയാകാനോ ആയിരുന്നില്ല. ഈ തടി എന്റെ ആരോഗ്യത്തിനെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആയിരുന്നു.

ഭാരം എഴുപതും കടന്നു കുതിക്കാന്‍ തുടങ്ങി. ഒരു പത്തടി നടക്കുമ്പോഴേക്കും കിതയ്ക്കും. സ്റ്റെപ് കയറാന്‍ നന്നേ ബുദ്ധിമുട്ട്. പീരീഡ്‌സ് മുറ തെറ്റി വരാന്‍ തുടങ്ങി. വെറുതെ ഒന്ന് രക്തം ടെസ്റ്റ് ചെയ്യാമെന്ന് വെച്ചപ്പോള്‍ ദാ കിടക്കുന്നു അടുത്തത്! ഷുഗറും കൊളെസ്റ്ററോളും ഒക്കെ കയ്യാലപ്പുറത്താണ്. എപ്പൊ വേണമെങ്കിലും ഒരു രോഗിയാക്കാന്‍ പാകത്തില്‍.

അന്നാണ് എനിക്ക് വെളിപാടുണ്ടായത്. ഇങ്ങനെ പോയാല്‍ പറ്റില്ല. എന്തെങ്കിലും ചെയ്യണം. ചെയ്‌തേ പറ്റൂ!

കൂടെ ഒരു പുതിയ വെളിപാട് കൂടി എനിക്കുണ്ടായി. എളുപ്പപ്പണി നടക്കില്ല എന്ന്. വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്ന് അമ്മ പണ്ട് പഠിപ്പിച്ചു തന്നത് ഓര്‍ത്തുപോയി. അങ്ങിനെ കുറച്ചു കഷ്ടപ്പെടാന്‍ തീരുമാനിച്ചു. രണ്ടേ രണ്ട് വഴികളെ ആരോഗ്യപരമായി വണ്ണം കുറക്കാന്‍ നിങ്ങളെ സഹായിക്കൂ. അത് കൃത്യമായ ഭക്ഷണശീലവും വ്യായാമവുമാണ്.

ഇന്ന് പലരും അന്ധമായി ചില ഡയറ്റുകള്‍ ഫോളോ ചെയ്യുന്നത് കാണാറുണ്ട്. കീട്ടൊ (keto) ഡയറ്റ് പോലുള്ളവ. പക്ഷെ ഇങ്ങനെയുള്ള ഭക്ഷണരീതികളുടെ വിദൂരദൂഷ്യഫലങ്ങള്‍ നമുക്കിപ്പോഴും അറിയില്ല. അതിനാല്‍ തന്നെ അതിനെ സപ്പോര്‍ട്ട് ചെയ്യാറില്ല. പിന്നെ എന്ത് ഡയറ്റ് ആണ് നമുക്ക് സുരക്ഷിതമായി ചെയ്യാന്‍ പറ്റുന്നത്?

അതാണ് ‘ഹെല്‍ത്തി ഫുഡ് പ്‌ളേറ്റ്’ എന്ന ചിന്ത. ഇതിനെ കുറിച്ചു നാം ഒരു ടോക്ക് ചെയ്തതാണ്. നമ്മുടെ പ്‌ളേറ്റിലെ അമിത കലോറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റിനെ കുറച്ചു പകരം കൂടുതള്‍ പ്രോട്ടീനും ഫൈബറുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന രീതിയാണത്. സുരക്ഷിതം. ഫലപ്രദം. ഇതിന്റെ കൂടെ ദിവസേന ഒരു 45 മിനിറ്റ് വ്യായാമം കൂടി ആയാള്‍ അടിപൊളി. അമിതവണ്ണമൊക്കെ ക്രമേണ നമ്മെ വിട്ട് പോയി തുടങ്ങും.

ഒരിക്കല്‍ കൂടി പറയുന്നു, എത്രയോ പഠനങ്ങള്‍ തെളിയിച്ച ഒരു വസ്തുതയാണ് പൊണ്ണത്തടിയുടെ ദൂഷ്യഫലങ്ങള്‍. ചെറുപ്പത്തില്‍ തന്നെ ഉണ്ടാകുന്ന പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഒക്കെ കാരണക്കാരന്‍. അതുകൊണ്ട് തന്നെ വണ്ണം കുറക്കുന്നത് നമ്മുടെ നല്ല ആരോഗ്യത്തിനു വേണ്ടിയാകണം. അല്ലാതെ പുറം മോടിക്ക് വേണ്ടി മാത്രമാകരുത്. അത് മാത്രമല്ല, ആരോഗ്യപരമായി കൂടി വേണം.

ഇന്നിത്ര മാത്രം. ഡയറ്റിനെ പറ്റിയും വ്യായാമതെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ വഴിയേ…

ഡോ. സൗമ്യ സരിന്‍

Story highlights: Dr Soumya Sarin Sharing Weight Loss Journey

ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള…

Posted by Soumya S Sarin on Wednesday, 26 August 2020