പാട്ടിലൂടെ മനം കവര്‍ന്നു; ‘മണിയറയിലെ അശോകനെ’ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകരും

August 28, 2020
Dulquer production Maniyarayile Asokan to relaese

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ… മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഈ ഗാനം കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തെ. പിന്നാലെ വന്ന പാട്ടുകളും പ്രേക്ഷക ശ്രദ്ധ നേടി. സിദ് ശ്രീറാം ആലപിച്ച ഓള് ഗാനത്തിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ട നിലാവ് എന്ന പാട്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി.

പാട്ടുകള്‍ക്കൊണ്ട് ആസ്വാദക പ്രീതി നേടിയ മണിയറയിലെ അശോകന്‍ പ്രേക്ഷകരിലേക്ക് എത്തും എന്നറിഞ്ഞതോടെ വരവേല്‍പ്പിനൊരുങ്ങുകയാണ് സിനിമാലോകവും. തിരുവോണ ദിനമായ ആഗസ്റ്റ് 31 ന് നെറ്റ്ഫ്‌ളിക്‌സിലായിരിക്കും മണിയറയിലെ അശോകന്റെ റിലീസ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍.

Read more: “ഉണ്ണികളേ ഒരു കഥപറയാം…”; കൊച്ചു മകള്‍ക്കായി ഐഎം വിജയന്റെ സ്‌നേഹത്താരാട്ട്: വീഡിയോ

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Dulquer production Maniyarayile Asokan to release