ഓണത്തല്ലുമായി അജു വർഗീസും ലെനയും; സാജൻ ബേക്കറി ഒരുങ്ങുന്നു

September 1, 2020

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജു വർഗീസ്. നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ അജു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി since 1962’ . അരുൺ ചന്തു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് അജു വർഗീസ് ആണ്.

ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുന്നത് പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിരുന്നു. ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കുറെ നന്മയുള്ള മനുഷ്യരുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ അജു വർഗീസിനൊപ്പം ലെന. ഗണേഷ് കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ സംവിധായകനാണ് അരുൺ ചന്തു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ, വൈശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഓണത്തിന് തിരക്കുപിടിച്ച ജോലിയിൽ നിൽക്കുന്ന പെങ്ങൾ… വെറുതെ കേറി ചൊറിയുന്ന ഞാൻ… ഓണത്തല്ല്… ആഹാ അന്തസ്സ് 😎#betsy&bobin #saajanbakerysince1962 #funtasticfilms #Mstar #titlesongverysoon #siblingrivalary

Posted by Aju Varghese on Sunday, 30 August 2020

Read also:ഏറ്റവും പ്രിയപ്പെട്ടത് ബാറ്റും ബോളും, രണ്ട് വയസുമുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി; ധോണിയെപോലെ ആകണമെന്ന് കുഞ്ഞ് ഗൗരി

അതേസമയം അജു വർഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. അടുത്തിടെ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വോക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് നിര്‍മാണം. അജു വര്‍ഗീസിന് പുറമെ, ലെന, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിഥി കഥാപാത്രമായി ജോജു ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്. വളരെ ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് സിനിമയുടെ പ്രമേയം എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 

Story Highlights: Aju Varghese movie Sajan Bakery since 1962