ഇരുമ്പ് തണുത്ത് മഴയായി വീഴുന്നു; ഞെട്ടിക്കുന്ന കണ്ടെത്തൽ എന്ന് ശാസ്ത്രലോകം

September 1, 2020

അന്തരീക്ഷ മലിനീകരണ തോത് ദിനം പ്രതി വർധിച്ചുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ആസിഡ് മഴയെക്കുറിച്ചും മറ്റുമൊക്കെ കേട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ഇരുമ്പ് മഴയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശാസ്ത്ര ലോകത്തെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണത്രേ. വാസ്പ് 76 ബി ഗ്രഹത്തിലാണ് ഈ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം കണ്ടെത്തിയത്.

ഭൂമിയിൽ നിന്നും ഏകദേശം 390 പ്രകാശവർഷം അകലെയാണ് വാസ്പ് 76 ബി ഗ്രഹം ഉള്ളത്. മുഴുവൻ സമയവും മേഘക്കൂട്ടം നിറഞ്ഞ ആകാശത്തോട് കൂടിയാണ് ഈ ഗ്രഹമുണ്ടാകുക. എന്നാൽ ഇവിടെ കാണപ്പെടുന്ന ഈ മേഘങ്ങൾ മഴ മേഘങ്ങൾ അല്ലായെന്നും ഇരുമ്പ് മേഘങ്ങൾ ആണെന്നുമാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. സൗരയൂഥത്തിലെ വ്യാഴം ഗ്രഹത്തിന് സമാനമായ ഈ ഗ്രഹത്തെ കണ്ടെത്തിയത് അടുത്തിടെയാണ്. അതേസമയം വ്യാഴത്തേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള ഈ ഗ്രഹം ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുമുണ്ട്.നക്ഷത്രത്തിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന കൊടുംചൂടിൽ ഇരുമ്പ് അടക്കമുള്ളവ ഉരുകിയൊലിച്ച് പോകുന്നതിന്റെ ഫലമായാണ് ഇവിടെ ഇരുമ്പ് മഴ പെയ്യുന്നത്.

നക്ഷത്രത്തിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്ത് ഏകദേശം 2400 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിന്റെ മറുഭാഗത്ത് തണുപ്പാണ് അനുഭവപ്പെടുക. അവിടെ ഏകദേശം 1500 ഡിഗ്രി സെൽഷ്യസ് താപനില ആയിരിക്കും ഉണ്ടാവുക. അതിന് പുറമെ നക്ഷത്രത്തെ അഭിമുഖീകരിക്കുന്ന ഭാഗത്ത് എപ്പോഴും പകലായിരിക്കും. എതിർവശം രാത്രിയും. അതേസമയം ഇരുമ്പ് ഉരുകി ഒലിച്ച് മഴയാകുന്ന പ്രതിഭാസം ഇതുവരെ ഇവിടെയല്ലാതെ മറ്റൊരു ഗ്രഹത്തിലും കണ്ടെത്തിയിട്ടില്ലെന്നാണ് ശാസ്ത്ര ലോകവും വെളിപ്പെടുത്തിയത്.

Story Highlights:astrophysicists have discovered a planet that rains iron