കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ; സമയക്രമത്തിൽ മാറ്റം, നിരക്കിൽ ഇളവ്

September 7, 2020

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും. അതേസമയം തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ആദ്യ ട്രെയിൻ പേട്ടയിൽ നിന്ന് പുറപ്പെടുന്നത്.

പഴയ സര്‍വീസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇന്നും നാളെയും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരേയുമായിരിക്കും സര്‍വീസ്. കൊവിഡ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്.

അതേസമയം കൊച്ചി മെട്രോയുടെ നിരക്കില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇനിമുതൽ പത്ത് രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുക. 10, 20, 30, 50 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Story Highlights: Kochi Metro service starts from today