സുശാന്ത് സിങ് രജ്പുതിന്റെ മരിക്കാത്ത ഓര്‍മ്മകളെ തൊട്ടുണര്‍ത്തി എആര്‍ റഹ്‌മാന്റെ മകന്റെ പാട്ട്

Never Say Goodbye Dil Bechara A. R. Ameen

മരണം കവര്‍ന്നെടുത്തിട്ടും ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിന്നും മറഞ്ഞിട്ടില്ല സുശാന്ത് സിങ് രജ്പുത് എന്ന ചലച്ചിത്രതാരം. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രം. എന്നാല്‍ ആ സിനിമ പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ നിറഞ്ഞമനസ്സോടെ അവര്‍ വീണ്ടും ഹൃദയത്തിലേറ്റി സുശാന്ത് സിങ്ങ് എന്ന നടനെ.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ദില്‍ ബേചാരയിലെ പുതിയ ഗാനം. ചിത്രത്തിലെ നെവര്‍ സേ ഗുഡ്‌ബൈ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാനാണ് ഗാനത്തിന് ഈണം പകര്‍ന്നത്. ഗാനം ആലപിച്ചതാകട്ടെ അദ്ദേഹത്തിന്റെ മകന്‍ എആര്‍ അമീനും. സുശാന്ത് സിങും സഞ്ജനയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more: ‘മറിയം തുടങ്ങിവെച്ചത് മറിയംതന്നെ തീര്‍ക്കുന്നു’; പൊറിഞ്ചുമറിയംജോസിന്റെ ക്ലൈമാക്‌സ് ഇങ്ങനെയായാല്‍

മകന്‍ അമീന് സംഗീതജീവിതത്തില്‍ എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് എആര്‍ റഹ്‌മാന്‍ മനോഹരമായ ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘വിടപറയല്‍ എന്നത് ഒട്ടും എളുപ്പമായ കാര്യമല്ല. പക്ഷെ ചിലപ്പോഴൊക്കെ അത് പുതിയ തുടക്കങ്ങള്‍ക്ക് കാരണമാകും. നെവര്‍ സേ ഗുഡ്‌ബൈ എന്ന ഈ ഗാനം വളരെ സ്‌പെഷ്യലും എല്ലാവരുടേയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്.’ പാട്ടിനെക്കുറിച്ച് എആര്‍ അമീന്‍ ഇങ്ങനെയാണ് സമൂഹമാദ്യമങ്ങളില്‍ കുറിച്ചത്.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു ദില്‍ ബേചാരയുടെ റിലീസ്.

Story highlights: Never Say Goodbye Dil Bechara A. R. Ameen