മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്- കുറിപ്പ് പങ്കുവെച്ച് നടി

December 8, 2020

നടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്‌നയുടെ അച്ഛൻ സുന്ദർ രാജിനും ‘അമ്മ പ്രമീളക്കും ഒപ്പം കൊവിഡ് ചികിത്സയിലാണ് എന്ന് നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘എല്ലാവർക്കും നമസ്കാരം. എന്റെ അച്ഛനും, അമ്മയും, ഞാനും എന്റെ കുഞ്ഞു മകനും കൊവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരേയും ഞങ്ങളുടെ റിസൾട്ടിനെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്നും നിലവിൽ ചികിത്സയിലാണെന്നും അറിയിക്കുകയാണ്. ജൂനിയർ സി സുഖമായിരിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഈ യുദ്ധത്തിൽ വിജയിക്കുകയും വിജയികളായി പുറത്തുവരുകയും ചെയ്യും.’- മേഘ്‌നയുടെ വാക്കുകൾ.

ചലച്ചിത്രതാരം മേഘ്ന രാജിനും അന്തരിച്ച ചിരഞ്ജീവി സാർജയ്ക്കും കുഞ്ഞ് പിറന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ ഏറെ ആഘോഷത്തോടെ ഏറ്റെടുത്തിരുന്നു. ചീരുവിന്റെ മകൻ ‘ചിൻറു’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അവൻ ഞങ്ങളുടെ ചിന്തകളെയും വേവലാതികളെയും അകറ്റുന്നവനാണ്, അതിനാലാണ് ചിൻറു എന്ന് പേര് നൽകിയിരിക്കുന്നതെന്നും കുടുംബം പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ 22 നാണ് മേഘ്‌നയ്ക്ക് ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സാർജ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സാർജ മരിച്ചത്. 39 വയസായിരുന്നു. 

Story highlights- Meghana Raj Sarja confirms she, along with her parents and Junior Chiru, has Covid