നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’; ടീസർ

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ചിത്രം മലയാളികളുടെ സ്വപ്നമാണ്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്‌നം സഫലമാവുകയാണ്. വെള്ളിത്തിരയിലൂടെ മലയാളത്തിന്റെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാക്ക് സോണുണ്ടെന്ന് പറയാറുണ്ട്’ …മമ്മൂട്ടിയുടെ ഡയലോഗിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ടീസറിൽ മമ്മൂട്ടിയും മഞ്ജു വാര്യരും തന്നെയാണ് പ്രധാന ആകര്‍ഷണം.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഖില വിമലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:ബീപാത്തുവിന്റെ ഓർമ്മകളിൽ ഒരു നാട്; പ്രിയപ്പെട്ട നായയ്‌ക്കായി ശിൽപം ഒരുക്കി നാട്ടുകാർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. ഇത് ഉറപ്പുവരുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്.

Story Highlights: Mammootty’s ‘The Priest’ Teaser