ഭ്രമരത്തില്‍ തുടങ്ങി, പിന്നെ ലൂസിഫറും കടന്ന് ദൃശ്യം 2 വരെ: മോഹന്‍ലാലിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ച് മുരളി ഗോപി

February 22, 2021
Murali Gopy About Mohanlal

ദൃശ്യം 2-ന്റെ തരംഗമാണ് സൈബര്‍ ഇടങ്ങളില്‍ അടക്കം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയേയും കുടുംബത്തേയും സംവിധായകന്‍ ജീത്തു ജോസഫ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

മുരളി ഗോപിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സിനിമാ അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. എഴുത്തുകാരനായും നടനായും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് മുരളി ഗോപി.

Read more: റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം മുതല്‍ കലണ്ടര്‍ വരെ; ശ്രദ്ധിച്ചിരുന്നോ ദൃശ്യം 2-ലെ ഈ ബ്രില്യന്‍സുകള്‍…!

‘ഭ്രമരം മുതല്‍ ലൂസിഫര്‍ കടന്ന് ദൃശ്യം 2 വരെ. ഇതിഹാസതുല്യനായ ഒരു താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു നടനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും വലിയ ബഹുമതിയായി കരുതുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഒരുമിച്ച് ചെയ്യാന്‍ സാധിക്കട്ടെ ലാലേട്ടാ’ എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പമുള്ള വിവിധ സിനിമകളിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ദൃശ്യം 2 ല്‍ ഒരു സുപ്രധാന കഥാപാത്രത്തേയാണ് മുരളി ഗോപി അവതരിപ്പിയ്ക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ മുരളി ഗോപി അഭിനയമികവുകൊണ്ട് പരിപൂര്‍ണതയിലെത്തിച്ചു.

Story highlights: Murali Gopy About Mohanlal