ദ് പ്രീസ്റ്റ് കൈയടി നേടുമ്പോള്‍ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് മഞ്ജു വാര്യര്‍

March 13, 2021
Manju Warrier about The Priest movie

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. തിയേറ്ററുകളില്‍ ദ് പ്രീസ്റ്റ് കൈയടി നേടുമ്പോള്‍ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായി തുടങ്ങിയപ്പോള്‍ കുടുംബ പ്രേക്ഷകരും തിയേറ്ററുകളിലേയ്ക്ക് എത്തിതുടങ്ങിയിരിയ്ക്കുന്നു. ഇതാണ് തനിക്കേറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്ന് മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിലെ സന്തോഷവും താരത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

‘കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേയ്ക്ക് കൊണ്ടുവരാന്‍ പ്രധാന പങ്കുവഹിച്ച ഒരു ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. അതിലൊരു ഭാഗമാകാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ട്.’ മഞ്ജു വാര്യര്‍ പറഞ്ഞു. സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Manju Warrier about The Priest movie